ആലപ്പുഴ – ഹരിപ്പാട് ദേശീയ പാതയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

ആലപ്പുഴ ഹരിപ്പാട് ദേശീയ പാതയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നു പേർ മരിച്ചു. ബസ് യാത്രക്കാരിയടക്കം നാല് പേർക്ക് പരിക്ക്. ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപം ഉച്ചക്ക് ശേഷം 2.15 ഓടെയായിരുന്നു അപകടം. ബംഗാൾ സ്വദേശിനികളായ മീരാ ബർമൻ, സോവാബിശ്വാസ്, ഗീതാ റോയ് എന്നിവരാണ് മരിച്ചത്.

ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കു പോയ കെഎസ്ആർടിസി ലോഫ്‌ളോർ ബസിൽ, ടാങ്കർ ലോറിയെ മറി കടന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ അധ്യാപകരായ ബംഗാൾ സ്വദേശികൾ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബസ് യാത്രക്കാരി തോട്ടപ്പള്ളി ഇല്ലിച്ചിറ വെമ്പാലശേരി പ്രസാദിന്റെ മകൾ പ്രതിഭ (21)ക്കും പരിക്കുണ്ട്.

കാറിലുണ്ടായിരുന്ന ലക്ഷ്മി ബിശ്വാസ്, കാക്കുലി ഭദ്ര, ഡ്രൈവർ രതീഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഇതിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top