സ്വർണക്കടത്തിനെ കുറിച്ച് വിവരം നൽകിയവർക്ക് ഈ വർഷം ലഭിച്ചത് 19.89 ലക്ഷം; ഒരു കിലോ സ്വർണം പിടിച്ചാൽ ലഭിക്കുക ഒന്നര ലക്ഷം !

സ്വർണക്കടത്തിനെ കുറിച്ച് വിവരം നൽകുന്ന ഇൻഫോമർമാർക്ക് ഈ വർഷം മാത്രം ലഭിച്ചത് 19.89 ലക്ഷം രൂപ. ഒരു കിലോ സ്വർണം പിടിച്ചാൽ ഇതെ കുറിച്ച് വിവരം നൽകി ഇൻഫോർമർക്ക് ലഭിക്കുക ഒന്നര ലക്ഷമാണ്.

30 പേർക്കായാണ് ഈ തുക ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 19 ലക്ഷം രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തതെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പറഞ്ഞു. ഒരു കിലോ സ്വർണം പിടിക്കുമ്പോൾ ലഭിക്കുന്ന ഒന്നര ലക്ഷം രൂപയുടെ 50 ശതമാനം അഡ്വാൻസ് റിവാർഡായി ലഭിക്കും.

Read Alsoതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികൾ വീണ്ടും അറസ്റ്റിൽ

അതേസമയം, സ്വർണ വില റോക്കറ്റ് പോലെ കുതിക്കുന്നതിനിടയിൽ സ്വർണക്കടത്ത് സംസ്ഥാനത്ത് വ്യാപകമാകുകയാണ്. രാജ്യത്തേക്ക് കടത്തുന്ന സ്വർണത്തിന്റെ 40 ശതമാനത്തോളം കേരളത്തിലേക്കാണ് എത്തുന്നതെന്ന് കസ്റ്റംസ് കമ്മീഷ്ണർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 2019 സെപ്തംബർ വരെ പിടിച്ചെടുത്തത് 43.28 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ്. 150.479 കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം സെപ്തംബർ വരെ പിടിച്ചെടുത്തത് 101.209 കിലോഗ്രാം സ്വർണമായിരുന്നു.

സ്വർണക്കടത്ത് തടയാൻ കൊച്ചി കേന്ദ്രീകരിച്ച് 300 അംഗ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം ആഭരണങ്ങളാക്കി മാറ്റുന്നതും സംശയാസ്പദമായി വ്യാജരേഖകൾ ഉപയോഗിച്ചുള്ള വിൽപ്പനയുടെ വിവരങ്ങളും സംഘം ശേഖരിക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് പ്രത്യേക ഗ്രൂപ്പുകളെയും ഒരേസമയം വീടുകളിൽ പരിശോധനയ്ക്കായി പ്രത്യേക ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top