ഓസിൽ ബാഴ്സയിലേക്കെന്ന് റിപ്പോർട്ട്; തടയിടാൻ റാമോസ്

മുൻ ജർമൻ മധ്യനിര താരം മെസ്യൂട്ട് ഓസിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്കെന്ന് റിപ്പോർട്ട്. പരിശീലകൻ ഉനായ് എമറിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തതു കൊണ്ട് അദ്ദേഹം ക്ലബ് മാറാൻ താത്പര്യം കാണിക്കുന്നുവെന്നാണ് വിവരം. ഫിറ്റല്ലെന്ന കാരണം ചൂണ്ടിക്കാട്ടി എമറി ടീമിൽ നിന്ന് മാറ്റി നിർത്തിയതും ക്ലബ് മാറ്റത്തിന് ഓസിലിനെ പ്രേരിപ്പിക്കുന്നുണ്ട്.
നേരത്തെ റയൽ മാഡ്രിഡ് ജേഴ്സി അണിഞ്ഞിട്ടുള്ള ഓസിലിനെ ക്ലബിലെത്തിക്കാൻ ബാഴ്സക്കും താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. ലാലിഗയിലെ കേളീശൈലിയും സാഹചര്യങ്ങളും നന്നായി അറിയാവുന്ന ഓസിൽ ക്ലബിലെത്തിയാൽ ക്ലബിനു നേട്ടമുണ്ടാവുമെന്ന് ബാഴ്സ വിലയിരുത്തുന്നുണ്ട്.
റഷ്യയിൽ നടന്ന ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നു വിരമിച്ച ഓസിൽ ഇപ്പോൾ പഴയ ഫോമിലല്ല. തുടർച്ചയായ പരിക്കും ഫോമില്ലായ്മയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2013ല്‍ ആഴ്‌സണലിലെത്തിയ ഓസില്‍ 167 മത്സരത്തില്‍ നിന്ന് 32 ഗോളുകളാണ് നേടിയിട്ടുള്ളത്.
അതേ സമയം, സ്പാനിഷ് താരവും റയൽ മാഡ്രിഡ് ക്യാപ്റ്റനുമായ സെർജിയോ റാമോസ് ഈ നീക്കത്തിനു തുരങ്കം വെക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. റയലിൽ റാമോസുമായി ചേർന്ന് ബൂട്ടണിഞ്ഞയാളാണ് ഓസിൽ. ഇരുവരും സുഹൃത്തുക്കളുമാണ്. പഴയ ക്ലബിൻ്റെ റൈവൽ ക്ലബിൽ കളിക്കരുതെന്ന് റാമോസ് ഓസിലിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here