Advertisement

ആകെ മൊത്തം അഴിച്ചു പണിത് നോർത്തീസ്റ്റ് ഒരുങ്ങി

October 19, 2019
Google News 0 minutes Read

ഒരു തവണയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് കളിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം ചന്തമുള്ള ഫുട്ബോളാണ് നോർത്ത് ഈസ്റ്റ് കളിച്ചതെങ്കിലും റിസൽട്ടുണ്ടായത് കഴിഞ്ഞ സീസണിൽ മാത്രമായിരുന്നു. രണ്ട് തവണ ടേബിളിൽ അവസാനം ഫിനിഷ് ചെയ്ത അവർ രണ്ട് വട്ടം അഞ്ചാമതും സീസൺ അവസാനിപ്പിച്ചു. കഴിഞ്ഞ സീസണിൽ എൽകോ ഷട്ടോരിയും റൗളിൻ ബോർഗസും ബെർതലോമു ഓഗ്ബച്ചെയും ചേർന്ന് ചരിത്രത്തിലേറ്റവും മികച്ച റിസൽട്ടാണ് നോർത്ത് ഈസ്റ്റിനു നൽകിയത്. എന്നാൽ, ഈ സീസണിൽ ഷട്ടോരിയും ഓഗ്ബച്ചെയും ബ്ലാസ്റ്റേഴ്സിലേക്കും ബോർഗസ് മുംബൈയിലേക്കും ചേക്കേറിയതോടെ നോർത്തീസ്റ്റ് ഒന്ന് പരുങ്ങിയിട്ടുണ്ട്. എങ്കിലും ടീമിലേക്ക് അസമോവ ഗ്യാനെയും കായ് ഹീറിംഗ്സിനെയുമൊക്കെ ടീമിലെത്തിച്ച് അതിശക്തമായ സ്ക്വാഡിനെത്തന്നെയാണ് നോർത്തീസ്റ്റ് ഇക്കൊല്ലവും രംഗത്തിറക്കിയിരിക്കുന്നത്.

അസമോവ ഗ്യാനെന്ന പേരു തന്നെയാണ് നോർത്തീസ്റ്റ് മുന്നേറ്റത്തെ വേറിട്ടു നിർത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് നീണ്ട കളിപരിചയവുമായാണ് ഗ്യാൻ ഇന്ത്യയിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ച് തെളിയിച്ച ഈ ഗ്യാന ഇതിഹാസം ഇന്ത്യൻ മണ്ണിൽ പച്ചപിടിക്കുമോ എന്ന ചോദ്യം മാത്രമാണ് ബാക്കി നിൽക്കുന്നത്. ഗ്യാനൊപ്പം ഉറുഗ്വെ യുവതാരം മാർട്ടിൻ ചാവേസ്, അർജൻ്റൈൻ താരം മാക്സിമില്ല്യൻ ബരേര എന്നിവർ കൂടിയാണ് നോർത്തീസ്റ്റ് മുന്നേറ്റത്തിലുള്ളത്. കഴിഞ്ഞു. ഇന്ത്യൻ താരങ്ങൾ മുന്നേറ്റ നിരയിലില്ല.

മധ്യനിരയിൽ കൊളംബിയൻ താരം ഹോസെ ഡേവിഡ് ല്യൂദോയാണ് ശ്രദ്ധേയമായ താരം. ജർമ്മൻ താരം പനയ്യോദിസ് ത്രിയാദിസോ ആണ് ല്യൂദോയ്ക്കൊപ്പമുള്ള മറ്റൊരു വിദേശ താരം. നിഖിൽ കദം, മിലൻ സിംഗ് തുടങ്ങി ശ്രദ്ധേയരായ ഇന്ത്യൻ യുവതാരങ്ങൾ കൂടി നോർത്തീസ്റ്റിൻ്റെ മധ്യനിരക്ക് കരുത്തു പകരും. ഒറ്റനോട്ടത്തിൽ വലിയ കുഴപ്പങ്ങളില്ലാത്ത മധ്യനിരയാണ്.

പ്രതിരോധത്തിൽ ഡച്ച് ഫുട്ബോളർ കായ് ഹീറിംഗ്സ് തന്നെയാണ് വലിയ പേര്. ഹീറിംഗ്സിനൊപ്പം ക്രൊയേഷ്യൻ താരം മിസ്ലാവ് കൊമോറോസ് ആണ് പ്രതിരോധത്തിലെ മറ്റൊരു വിദേശ താരം. പവൻ കുമാർ, സൗവിക് ഘോഷ്, വെയിൻ വാസ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി ഇവർക്കൊപ്പം ചേരും. ഒറ്റനോട്ടത്തിൽ ശക്തമായ പ്രതിരോധനിര. ടിപി രഹനേഷ് ടീം വിട്ടതിൻ്റെ പശ്ചാത്തലത്തിൽ പവൻ കുമാറാവും വല കാക്കുക.

ഏറെക്കുറെ പൂർണ്ണമായ ടീമാണ് നോർത്തീസ്റ്റ് യുണൈറ്റഡ്. വളരെ ശ്രദ്ധേയരായ ചില വിദേശതാരങ്ങൾക്കൊപ്പം മികച്ച ഇന്ത്യൻ താരങ്ങൾ കൂടി അണിനിരക്കുന്നു എന്നതാണ് അവരുടെ പ്രത്യേകത. വലിയ ലേബലുമായെത്തി പേരിനൊത്ത പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ പോയവരിൽ അസമോവ ഗ്യാൻ പെടാതിരുന്നാൽ നോർത്തീസ്റ്റിന് വീണ്ടുമൊരു പ്ലേ ഓഫ് സ്വപ്നം കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here