തൊഴിയൂർ സുനിൽ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

തൊഴിയൂരിലെ ആർഎസ്എസ് ഭാരവാഹി സുനിൽ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ചെറുതുരുത്തി പള്ളം സ്വദേശി പുത്തർപീടികയിൽ വീട്ടിൽ സുലൈമാനാണ് പിടിയിലായത്. ജം-ഇയത്തുൽ ഇസ്ലാമിയ എന്ന സംഘടനയുടെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതല വഹിച്ചിരുന്നത് ഇയാളായിരുന്നു.

സുനിലിലെ വെട്ടിക്കൊന്നതിലും വീട്ടുകാരെ ആക്രമിച്ചതിലും താൻ പങ്കാളിയാണെന്ന് സുലൈമാൻ സമ്മതിച്ചതായാണ് വിവരം. നിരവധി മോട്ടോർ വാഹന കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് പേർ ഇതിനോടകം അറസ്റ്റിലായിരുന്നു.

ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെടുന്നത്. ആയുധവുമായെത്തിയ കൊലയാളികൾ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടി. തടയാനെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റുകയും അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. സുനിലിന്റെ അമ്മയുടെ ചെവി മുറിച്ച് മാറ്റുകയും സഹോദരിമാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു.

Read also: തൊഴിയൂർ സുനിൽ കൊലപാതകത്തിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top