ആലുവ മണപ്പുറം നടപ്പാലം നിർമാണത്തിൽ അഴിമതി; മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈക്കോടതിയിൽ ഹർജി

മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ ഹൈക്കോടതിയിൽ ഹർജി. ആലുവ മണപ്പുറം നടപ്പാലം നിർമാണ അഴിമതിയിൽ നടപടി ആവശ്യപ്പെട്ടാണ് ഹർജി. മുൻ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ വൈകിപ്പിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

ആലുവ മണപ്പുറം നടപ്പാലം നിർമാണത്തിൽ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയ കേസിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയെ സമീപിച്ചത്. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ വൈകിപ്പിക്കുന്നു. സംഭവത്തിൽ കോടതി ഇടപെടണമെന്നും ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

ജനപ്രതിനിധികൾക്കെതിരായ അഴിമതി കേസുകളിൽ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടണമെന്നതിനാലാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. മണപ്പുറം നടപാലം അഴിമതിക്കേസ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്. ശിവരാത്രി മണപ്പുറത്തേക്ക് നിർമിച്ച നടപ്പാലത്തിന് ആറുകോടി രൂപയായിരുന്ന ടെൻഡർ തുക. നിർമ്മാണം പൂർത്തിയായപ്പോൾ 18 കോടിയായി.നിശ്ചിത തുകക്ക് പണിതീർക്കാമെന്ന കരാറിൽ നിർമാണം തുടങ്ങിയ പാലത്തിന് 12 കോടി രൂപയോളമാണ് അധികം ചെലവായത്. വിദഗ്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയാണു പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണു കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top