സെഞ്ചുറി ‘റാഞ്ചി’ വീണ്ടും ഹിറ്റ്മാൻ; ഇന്ത്യ ട്രാക്കിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ രോഹിത് ശർമ്മക്ക് സെഞ്ചുറി. ആദ്യ ഘട്ടത്തിൽ തുടർച്ചയായ വിക്കറ്റ് വീഴ്ചയിൽ പതറിയ ഇന്ത്യ രോഹിതിൻ്റെ സെഞ്ചുറി മികവിൽ ട്രാക്കിലേക്കെത്തിയിട്ടുണ്ട്. രോഹിതിനൊപ്പം അർധസെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.
ടെസ്റ്റ് ഓപ്പണറായി അരങ്ങേറ്റം കുറിച്ച് ഉജ്ജ്വല ഫോം തുടരുന്ന രോഹിത് ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ പതറിയെങ്കിലും പന്ത് പഴകിയതോടെ ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തും ഷോട്ട് പായിച്ചു. 130 പന്തുകൾ നേരിട്ടാണ് രോഹിത് തൻ്റെ ആറാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. സ്പിന്നർ ഡെയിൻ പീട്ടിനെ സിക്സറടിച്ചാണ് രോഹിത് നാഴികക്കല്ലിലെത്തിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ പേസർമാർ വിരപ്പിച്ചു. മായങ്ക് അഗർവാൾ (10) റബാഡയുടെ പന്തിൽ എൽഗറിൻ്റെ കൈകളിലൊടുങ്ങിയതോടെയാണ് ഇന്ത്യയുടെ വിക്കറ്റ് വീഴ്ച തുടങ്ങിയത്. ചേതേശ്വർ പൂജാരയും (0) റബാഡയ്ക്കു മുന്നിൽ വീണു. വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ഇന്ത്യയുടെ മൂന്നാം നമ്പർ താരം പവലിയനിലെത്തിയത്. പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്കും അധികം ആയുസ്സുണ്ടായില്ല. 12 റൺസെടുത്ത കോലിയെ ആൻറിച് നോർദേ വിക്കറ്റിനു മുന്നിൽ കുരുക്കി.
തുടർന്നാണ് നാലാം വിക്കറ്റിൽ രഹാനെയും രോഹിതും ഒത്തുചേർന്നത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രഹാനെയ്ക്ക് രോഹിത് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഇതുവരെ നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 152 റൺസാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്റ്റത്തിൽ 191 റൺസെടുത്തിട്ടുണ്ട്. രോഹിത് 102 റൺസെടുത്തും രഹാനെ 66 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here