ടോസ് ഭാഗ്യം പരീക്ഷിക്കാൻ വൈസ് ക്യാപ്റ്റനെ ഒപ്പം കൂട്ടി; എന്നിട്ടും രക്ഷയില്ല: ഡുപ്ലെസിയുടെ ദൗർഭാഗ്യം തുടരുന്നു

കഴിഞ്ഞ കുറച്ചു കാലമായി ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിക്ക് ടോസ് ഭാഗ്യമില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഫാഫിന് ടോസ് വിജയിക്കാൻ സാധിക്കില്ല. തൻ്റെ ഭാഗ്യക്കേടു കൊണ്ടാണോ ടോസ് ലഭിക്കാത്തതെന്ന സംശയം കൊണ്ട് അദ്ദേഹം ഉപനായകൻ ടെംബ ബാവുമയെക്കൂടി ടോസ് വേളയിൽ കൊണ്ടു വന്നെങ്കിലും ഭാഗ്യം വന്നില്ല.
ടോസിൻ്റെ സമയത്ത് ബാവുമയെക്കൂടി ഗ്രൗണ്ടിലേക്ക് കൊണ്ടുവന്ന ഡുപ്ലെസിയുടെ ലക്ഷ്യം എങ്ങനെയും ടോസ് നേടുക എന്നതായിരുന്നു. ടോസ് വിളിച്ചതും ബാവുമയായിരുന്നു. എന്നാൽ ബാവുമക്കും ഭാഗ്യം കൊണ്ടു വരാനായില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ടോസ് നേടിയത്. ടോസ് നേടിയ കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 3 വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായത്. മായങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), വിരാട് കോലി (12) എന്നിവർ പുറത്തായി.
മായങ്ക് അഗർവാൾ (10) റബാഡയുടെ പന്തിൽ എൽഗറിൻ്റെ കൈകളിലൊടുങ്ങി. ചേതേശ്വർ പൂജാരയും (0) റബാഡയ്ക്കു മുന്നിൽ വീണു. വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് ഇന്ത്യയുടെ മൂന്നാം നമ്പർ താരം പവലിയനിലെത്തിയത്. പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്കും അധികം ആയുസ്സുണ്ടായില്ല. 12 റൺസെടുത്ത കോലിയെ ആൻറിച് നോർദേ വിക്കറ്റിനു മുന്നിൽ കുരുക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here