ശബരിമല ആചാരം സംരക്ഷിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കും: വി മുരളീധരന്‍

ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായശേഷം ഉചിതമായ നടപടി സ്വീകരിക്കും. കോടിയേരിയും സിപിഐഎമ്മും ഇപ്പോള്‍ വിശ്വാസികളുടെ വേഷം ഇട്ട് നടക്കുകയാണെന്നും വട്ടിയൂര്‍ക്കാവില്‍ പ്രചാരണ വേളയില്‍ മുരളീധരന്‍ പറഞ്ഞു.

ശബരിമല വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നരേന്ദ്രമോദിയുടെ വാക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുപോലെയല്ല. ഇബ്രാഹിം കുഞ്ഞിനെ ജയിലില്‍ കിടത്തുമെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ അതില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. ഈ വാക്കില്‍ നിന്ന് വ്യത്യസ്തമാണ് നരേന്ദ്ര മോദിയുടെ വാക്ക്. ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ സമയങ്ങളില്‍ ശബരിമല പ്രധാന വിഷയമായിരുന്നുവെങ്കിലും പിന്നീട് നടന്ന സംഭവങ്ങളെ തുടര്‍ന്ന് ശബരിമല ചര്‍ച്ചാവിഷമല്ലാതാവുകയായിരുന്നു. എന്നാല്‍ പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമല വട്ടിയൂര്‍ക്കാവിലും മറ്റ് മണ്ഡലങ്ങളിലും കൂടുതല്‍ പ്രചാരണ വിഷയമാക്കുന്നുവെന്നതിന്റെ സൂചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top