ഐഎസ്എൽ; ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം പതിപ്പിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കമായി. കേരള ബ്ലാസ്റ്റേഴ്‌സും എടികെയും തമ്മിലാണ് മത്സരം. ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് കളിയിൽ ലീഡ് സ്ഥാപിച്ചു. എടികെ ആദ്യം ഗോളടിച്ചെങ്കിലും 30ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോൾ നേടി.
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ മലയാളത്തിന്റെ പ്രതിനിധിയായി കെ.പ്രശാന്ത് മാത്രമേയുള്ളൂ. സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ഗോൾകീപ്പർ ഷിബിൻ രാജ് എന്നിവർ പകരക്കാരുടെ ബെഞ്ചിലുണ്ട്. ബെർത്തലോമിയോ ഓഗ്ബച്ചെ നയിക്കുന്ന ടീമിൽ ജിയാന്നി സൂയ്വർലൂൺ, സെർജിയോ സിഡോഞ്ച, മുസ്തഫ നിങ്, ജയ്‌റോ റോഡ്രിഗസ് എന്നിവരാണ് മറ്റു വിദേശികൾ.
ഇന്ത്യൻ വംശജനായ ഫിജി താരം റോയ് കൃഷ്ണ ഉൾപ്പെടെയുള്ള പ്രമുഖർ കൊൽക്കത്ത നിരയിലുമുണ്ട്. അരിന്ദം ഭട്ടാചാര്യയാണ് മുഖ്യ ഗോൾകീപ്പർ. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ എന്നിവർ സസ്‌പെൻഷൻ മൂലം കൊൽക്കത്ത നിരയിലില്ല.
വർണശബളമായ അന്തരീക്ഷത്തിലാണ് ഐഎസ്എൽ ആറാം പതിപ്പിന് തുടക്കമായത്. നിയുക്ത ബിസിസിഐ പ്രസിഡന്റും എടികെ സഹ ഉടമയുമായ സൗരവ് ഗാംഗുലി, തെന്നിന്ത്യൻ ചലച്ചിത്ര താരവും കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയുമായ ചിരഞ്ജീവി, റിലയൻസ് ഫൗണ്ടേഷൻ മേധാവി നിത അംബാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here