കൂടത്തായി കൊലപാതക പരമ്പര; മുഖ്യ പ്രതി ജോളിക്കെതിരെ കൊല്ലപ്പെട്ട സിലിയുടെ മകൻ

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ പ്രതി ജോളിക്കെതിരെ കൊല്ലപ്പെട്ട സിലിയുടെ മകൻ. രണ്ടാനമ്മയായ ജോളിയിൽ നിന്ന് തരം തിരിവ് ഉണ്ടായിട്ടുണ്ടെന്നും കൂടത്തായിയിലെ വീട്ടിൽ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്നും അന്വേഷണ സംഘത്തോടു പറഞ്ഞു.
ജോളി നൽകിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും സിലിയുടെ മകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ശനിയാഴ്ചയാണ് അന്വേഷണ സംഘം സിലിയുടെ മകന്റെ മൊഴി എടുത്തത്. കൂടത്തായിയിലെ രണ്ടാമത്തെ കൊലപാതക കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി ജോസഫ്, എംഎസ് മാത്യു, കെ പ്രജികുമാർ എന്നിവരുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.
മറ്റു കൊലപാതക കേസുകളിൽ തെളിവ് ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തതോടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ, മുഖ്യപ്രതി ജോളി കെ പ്രജികുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലും എംഎസ് മാത്യു സബ്ജയിലിലുമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here