ഡൽഹിയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത

ഡൽഹിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മകൻ അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം പാമ്പാടി സ്വദേശി ലിസിയും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ അധ്യാപകനായ അലൻ സ്റ്റാൻലിയുമാണ് മരിച്ചത്. ലിസിയുടെ രണ്ടാം ഭർത്താവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് ദുരൂഹമരണങ്ങൾ.

ഡൽഹി പിതംപുരയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു ലിസിയുടെ മൃതദേഹം. മുപ്പത് കിലോമീറ്റർ അപ്പുറമുള്ള സരായ് കലേഖാനിലെ റെയിൽവേ പാളത്തിൽ നിന്ന് അലൻ സ്റ്റാൻലിയുടെ മൃതശരീരവും കണ്ടെത്തി. രണ്ടാം ഭർത്താവായ നെയ്യശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസണിന്റെ മരണത്തിൽ ലിസിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

ജോണിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. ലിസി നിരന്തരം ജോണിനെ മാനസിക സംഘർഷത്തിൽ ആക്കിയിരുന്നുവെന്നും ജോണിന്റെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് കോടി രൂപയും സ്വത്തും രേഖകളും തട്ടിയെടുത്തെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിനിടെ, കേസ് റദ്ദാക്കണമെന്ന ലിസിയുടെ ആവശ്യം ഹൈക്കോടതി നിരസിക്കുകയും ചെയ്തു. അലൻ അമ്മയെ ദിവസങ്ങളായി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നുവെന്നും വഴങ്ങാതിരുന്നതോടെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്ന പ്രാഥമിക വിലയിരുത്തലിലാണ് ഡൽഹി പൊലീസ്. കേസിൽ അന്വേഷണം ഊർജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top