ലെബനോണിൽ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു; പുതിയ പ്രഖ്യാപനങ്ങളുമായി സർക്കാർ

ജനകീയ പ്രക്ഷോഭം അഞ്ചാം ദിവസവും ശക്തമായി തുടരുന്നതിനിടെ പുതിയ പ്രഖ്യാപനങ്ങളുമായി ലെബനോൺ സർക്കാർ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മന്ത്രിമാരുടെ ശമ്പളം പകുതിയായി വെട്ടിക്കുറക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. 2020 ലേക്കുള്ള ദേശീയ ബജറ്റിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിലാണ് പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി സാദ് ഹരീരി രംഗത്തെത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പ്രസിഡന്റ്, മന്ത്രിമാർ, മുൻ പ്രസിഡന്റുമാർ അടക്കം രാജ്യത്തെ മുഴുവൻ രാഷ്ട്രീയക്കാർക്കും നിലവിൽ ലഭിച്ചുകൊണ്ടുരിക്കുന്ന ശമ്പളം പകുതിയായി ചുരുക്കുക, രാജ്യത്തെ ബാങ്കുകൾ രണ്ടരലക്ഷം കോടിയോളം രൂപ അനുവദിക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ സർക്കാർ പ്രഖ്യാപിച്ചത്. ഊർജ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു പ്രഖ്യാപനം അടുത്തുണ്ടാക്കുമെന്നും യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, ജനകീയ പ്രക്ഷോഭം അഞ്ചാം ദിവസവും സജീവമായി തുടരുകയാണ്. പ്രധാനമന്ത്രി സാദ് ഹരീരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സമരക്കാർ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പൊതു പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. വാട്‌സ് ആപ്പ് കോളിനു നികുതിയേർപ്പെടുത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജനം തെരുവിറങ്ങിയത്. ഇതോടെ പുതിയ നികുതി സർക്കാർ പിൻവലിച്ചെങ്കിലും പ്രക്ഷോഭം ശമിപ്പിക്കാൻ സർക്കാരിനായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here