പോളിംഗ് ആരംഭിച്ചു; മഞ്ചേശ്വരത്ത് ആദ്യ വോട്ട് രേഖപ്പെടുത്തി ശങ്കർ റൈ

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. മഞ്ചേശ്വരത്ത് ആദ്യ വോട്ട് രേഖപ്പെടുത്തിയത് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ ആണ്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ശങ്കർ റൈ.
എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്‌ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.
ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്‌റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്‌റ്റേഷനുകളുമാണുള്ളത്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here