ഉപതെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ഉപതെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ജനങ്ങൾ സഹകരിക്കണമെന്നും ടിക്കാറാം മീണ. നിലവിൽ റീപോളിംങിനുള്ള സാധ്യത ഇല്ലെന്നും അത് പരിഗണിക്കുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ബൂത്തുകളിൽ മാത്രമേ പ്രശ്‌നമുള്ളു. അവിടെ താഴത്തെ നിലയിലെ പോളിംങ് ബൂത്തുകൾ മുകളിലേക്ക് മാറ്റി. നാല് നിയോജകമണ്ഡലങ്ങളിൽ കുഴപ്പങ്ങളൊന്നും ഇല്ല.
റീപോളിംങ് ആവശ്യമുന്നയിച്ച് ചില പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വോട്ടർമാർക്ക് പോളിംങ് ബൂത്തിലെത്താൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ല.
അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ നിലവിലെ കണക്കുകളും അദ്ദേഹം പുറത്ത് വിട്ടു. പോളിംഗ് ശതമാനം കുറവുള്ളത് എറണാകുളം മണ്ഡലത്തിലാണ്. നഗരത്തിലുണ്ടായ വെള്ളക്കെട്ട് പോളിംഗ് ശതമാനത്തെ സാരമായി ബാധിച്ചു.
അതേ സമയം, കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ,നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്തിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.രണ്ടിടത്ത് പോളിങ് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു. കൊച്ചി പി ആൻഡ് ജി കോളനിയിലും ചുള്ളിക്കൽ ഭാഗത്തും വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
എംജി റോഡ് അടക്കമുള്ള കൊച്ചി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളെല്ലാം വെള്ളക്കെട്ടിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. നാളെയും കനത്ത മഴ തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here