ഡികോക്കിന്റെ കാലുതൊട്ട് വന്ദിച്ച് ആരാധകൻ; സുരക്ഷാപ്രവർത്തകർ തല്ലിയോടിക്കവെ ചെരിപ്പ് നൽകാൻ കൂടെയോടി ഡികോക്ക്: വീഡിയോ

ആരാധകർ ക്രിക്കറ്റ് ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി കളിക്കാരെ തൊടാനും മറ്റും ശ്രമിക്കുന്നത് ഒരു അപൂർവതയല്ല. പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച ആരാധകൻ രോഹിതിനെ നിലത്ത് വീഴ്ത്തിയിരുന്നു. ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ഇത്തരം പ്രവണതക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ ആരാധകർ ഇതൊന്നും ശ്രദ്ധിക്കുന്ന മട്ടില്ല. ഇത്തവണ ഇന്ത്യൻ കളിക്കാരെയല്ല, ദക്ഷിണാഫ്രിക്കൻ താരം ക്വിൻ്റൺ ഡികോക്കിനെ കാണാനാണ് ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയത്.

ഇന്ത്യയുടെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. സുരക്ഷാ വലയം ഭേദിച്ച് ഗ്രൗണ്ടിലെത്തിയ ആരാധകൻ ഡികോക്കിൻ്റെ കാൽ തൊട്ട് വന്ദിച്ചു. അമ്പരന്നു നിന്ന ഡികോക്കിനെ സാക്ഷിയാക്കി സുരക്ഷാപ്രവർത്തകർ ആരാധകനെ തല്ലിയോടിച്ചു. ഇതിനിടെ ആരാധകൻ്റെ ചെരിപ്പ് ഊരി ഗ്രൗണ്ടിൽ വീണു. ഉടൻ തന്നെ ഡികോക്ക് ചെരിപ്പെടുത്ത് ആരാധകൻ്റെ പുറകെ ഓടി. ചെരിപ്പ് ആൾക്ക് എറിഞ്ഞു നൽകുന്ന ഡികോക്കിനെയും വീഡിയോയിൽ കാണാം.

പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിലാണ് രോഹിതിനെ ആരാധകൻ കാലു വാരിയത്. തൻ്റെ കാൽ തൊട്ട് വന്ദിക്കാനുള്ള ആരാധകൻ്റെ ശ്രമത്തിനിടെ രോഹിത് അടിതെറ്റി വീഴുകയായിരുന്നു.

മൂന്നാം ടെസ്റ്റ് മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഒരുദിനം ശേഷിക്കേ ഇന്നിംഗ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. ഇന്ത്യ 497 റൺസ് എടുത്ത് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 162 റൺസിനും രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സിനും പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top