പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻവാങ്ങി ബെന്യാമിൻ നെതന്യാഹു

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻവാങ്ങി ബെന്യാമിൻ നെതന്യാഹു. സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതാണ് പിൻമാറാൻ കാരണമെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം. ഇതോടെ ബ്ലൂ ആന്റ് വൈറ്റ് പാർട്ടി നേതാവ് ബെന്നി ഗാന്റ്സിനെ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് റ്യൂവെൻ റിവ്ലിൻ ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിൻവാങ്ങുന്നതായി ബെന്യാമിൻ നെതന്യാഹു അറിയിച്ചത്. ആഴ്ചകളായി ഐക്യ സർക്കാരുണ്ടാക്കാനായി ബെന്നി ഗാന്റ്സിനെ ചർച്ചയിലേ്ക്കെത്തിക്കാൻ താൻ പരമാവധി ശ്രമിച്ചു. മറ്റൊരു തെരഞ്ഞെടുപ്പുണ്ടാകാതിരിക്കാനായിരുന്നു ശ്രമം. എന്നാൽ നിർഭാഗ്യവശാൽ ഗാന്റ്സ് അതെല്ലാം തള്ളുകയായിരുന്നുവെന്ന് നെതന്യാഹു വീഡിയോയിൽ പറഞ്ഞു. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് താൻ പിൻവാങ്ങുന്നതായി പ്രസിഡന്റ് റ്യൂവെൻ റിവ്ലിനെ നെതന്യാഹു അറിയിച്ചു.

120 അംഗ പാർലമെന്റിലേയ്ക്ക് സെപ്തംബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ മുന്നണിയാണ് കൂടുതൽ സീറ്റുകൾ നേടിയത്. 55 സീറ്റുകളാണ് മുന്നണിക്ക് ലഭിച്ചത്. ഇതോടെ നെതന്യാഹുവിനെ പ്രസിഡന്റ് സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുകയായിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 61 അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ നെതന്യാഹുവിനായില്ല.

നെതന്യാഹു പിൻവാങ്ങിയതോടെ സർക്കാർ രൂപവത്കരിക്കാനുള്ള ഉത്തരവാദിത്തം ബ്ലൂ ആന്റ് വൈറ്റ് പാർട്ടി നേതാവ് ബെന്നി ഗാന്റ്സിനെ ഏല്പിക്കുമെന്ന് പ്രസിഡന്റ് റ്യൂവെൻ റിവ്ലിൻ അറിയിച്ചു. ഇതുസംബന്ധിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തുമെന്നും റിവ്ലിൻ വ്യക്തമാക്കി. ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാർട്ടി നേതൃത്വം നൽകുന്ന മുന്നണി 54 സീറ്റുകളാണ് തെരഞ്ഞെടുപ്പിൽ നേടിയത്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More