10 പേരുമായി കളിച്ച് ജംഷഡ്പൂരിനു ജയം; വിജയിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ഐഎസ്എല്ലിലെ മൂന്നാം മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്ക് ജയം. ഒഡീഷ എഫ്സിയെയാണ് ജംഷഡ്പൂർ തോല്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജംഷഡ്പൂർ എഫ്സിയുടെ ജയം. ഒരു കളിക്കാരൻ റെഡ് കാർഡ് ലഭിച്ച് പുറത്തുപോയിട്ടും പൊരുതിക്കളിച്ച ജംഷഡ്പൂർ ജയം പിടിച്ചെടുക്കുകയായിരുന്നു.

ഒഡീഷയുടെ തുടർച്ചയായ ആക്രമണങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ജംഷഡ്പൂർ ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ഒഡീഷയാണ് ആക്രമണങ്ങളിൽ മികച്ചു നിന്നത്. ജെറിയുടെ ചില സോളോ റണ്ണുകളിൽ ആതിഥേയരുടെ പ്രതിരോധം ആടിയുലഞ്ഞു. എന്നാൽ ഒരു സെൽഫ് ഗോൾ മത്സരത്തിൻ്റെ ഗതിമാറ്റി. മത്സരത്തിൻ്റെ 17ആം മിനിട്ടിൽ വലതു വിങ്ങിൽ നിന്ന് നിലം പറ്റെ ലഭിച്ച ക്രോസ് റാണ ഗരാമി പുറത്തേക്ക് അടിച്ചു കളയാൻ ശ്രമിച്ചെങ്കിലും പന്ത് സ്വന്തം വല തുളച്ചു. ഗോൾ വീണതിനു ശേഷം ജംഷഡ്പൂർ ആക്രമണം ശക്തമാക്കി. ഇതിനിടെ 35ആം മിനിട്ടിൽ ജംഷഡ്പൂർ താരം ബികാഷ് ജെയ്റു ചുവപ്പു കാർഡ് കണ്ട് പുറത്തു പോയി. ജെറിയെ പിന്നിൽ നിന്നു വീഴ്ത്തിയതിനായിരുന്നു കാർഡ്. 40ആാം മിനിട്ടിൽ അഡ്രിയാൻ സൻ്റാനയിലൂടെ ഒഡീഷ ഒപ്പം പിടിച്ചു. ജെറിയുടെ ക്രോസിൽ നിന്നും ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെയാണ് സൻ്റാന ഗോൾ നേടിയത്. ആദ്യ പകുതി 1-1ന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഒഡീഷ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. ജംഷഡ്പൂർ 10 പേരായി ചുരുങ്ങിയതു കൊണ്ട് തന്നെ ഒഡീഷ നിരന്തരം അവസരങ്ങൾ തുറന്നെടുത്തു. എന്നാൽ ഒറ്റക്കെട്ടായി നിന്ന് ആക്രമണം പ്രതിരോധിച്ച ജംഷഡ്പൂർ 85ആം മിനിട്ടിൽ ലീഡെടുത്തു. പിറ്റിയുടെ അസിസ്റ്റിൽ നിന്ന് സെർജിയോ കാസ്റ്റലാണ് സ്കോർ ചെയ്തത്. അവസാന മിനിട്ടുകളിലെ ഒഡീഷയുടെ ആക്രമണം ചെറുത്തു നിന്ന ആതിഥേയർ സീസണിലെ ആദ്യ ജയവും മൂന്നു പോയിൻ്റും സ്വന്തമാക്കി.

ബോൾ പൊസിഷനിലും ആക്രമണത്തിലും മറ്റു കണക്കുകളിലും മുന്നിൽ നിന്ന ഒഡീഷയ്ക്ക് എതിർ ടീമിലെ ഒരു കളിക്കാരൻ കുറഞ്ഞതും മുതലെടുക്കാനായില്ല. ഇത് പരിശീലകനെ നിരാശനാക്കുമെന്നുറപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top