പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐക്ക് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേരള പൊലീസിനും ഡിജിപിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

പെരിയ ഇരട്ടക്കൊല കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിട്ടും അതു നടപ്പാക്കാത്ത കേരള പൊലീസിനും ഡിജിപിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനും കേരള പൊലീസിനുമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഡിജിപിയുടെ നടപതി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി പെരിയയിൽ കൊലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബർ 30നാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിടുന്നത്. അന്വേഷണം നീതിപൂർവമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
Read Also : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക്
കാസർഗോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. ഫെബ്രുവരി 17നാണ് സംഭവം. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here