ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നൽകലും; ജസ്റ്റിസ് അരുൺ മിശ്ര പിന്മാറണമെന്ന ആവശ്യത്തിന്മേൽ സുപ്രിംകോടതി ഇന്ന് വിധി പറയും

ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നൽകലുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറണമെന്ന ആവശ്യത്തിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ഒഴിവാകാൻ കഴിയില്ലെന്ന് നേരത്തെ അരുൺ മിശ്ര നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്രിമിനൽ കേസുകളിലെ ഇരകൾക്കെതിരെ ഭരണഘടനാ പദവിയിലിരിക്കുന്ന പൊതുപ്രവർത്തകർക്ക് പരാമർശം നടത്താൻ കഴിയുമോയെന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ മുന്നിലെത്തും. മന്ത്രി എംഎം മണിയുടെ പരാമർശങ്ങളും കോടതിയുടെ ശ്രദ്ധയിൽ വന്നേക്കും.

ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നൽകലുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറണമെന്ന് ഒരുവിഭാഗം കക്ഷികളും കർഷക സംഘടനയുമാണ് ആവശ്യപ്പെട്ടത്. അരുൺ മിശ്ര ഒഴിയണമെന്ന് പറയുന്നത് സുപ്രിംകോടതിയെ ശക്തിപ്പെടുത്താനെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആവശ്യമുന്നയിച്ചവരുടെ മേൽ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് അരുൺ മിശ്ര ചൊരിഞ്ഞത്. സമൂഹമാധ്യമങ്ങൾ മുഖേന തന്നെയെയും സുപ്രിംകോടതിയെയും അപമാനിക്കാൻ ശ്രമമുണ്ടായി. ദൈവത്തിന് മുന്നിൽ തന്റെ വിശ്വാസ്യത സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

എന്നാൽ, ഭരണഘടനാ പദവിയിലിരിക്കുന്ന പൊതുപ്രവർത്തകർ ഇരകളെ അപമാനിക്കുന്ന പരാമർശം നടത്തുന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബുലന്ദ്ഷഹർ കൂട്ട ബലാൽസംഗ കേസിലെ ഇരയ്‌ക്കെതിരെ യുപി മന്ത്രിയായിരിക്കെ അസം ഖാൻ നടത്തിയ പരാമർശങ്ങൾ, പെമ്പിള്ളൈ ഒരുമൈ പ്രവർത്തകർ, ഒരു കോളേജ് അധ്യാപിക തുടങ്ങി ഒട്ടേറെ സ്ത്രീകൾക്കെതിരെ മന്ത്രി എംഎം മണി നടത്തിയ പരാമർശങ്ങളും സുപ്രിംകോടതിക്ക് മുന്നിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top