ക്രീസിൽ നിന്ന് പവലിയനിലേക്കോടി ബാറ്റ്സ്മാന്റെ ടോയ്‌ലറ്റ് ബ്രേക്ക്; വീഡിയോ

അടുത്ത വർഷം നടക്കുന്ന ടി-20 മത്സരങ്ങൾക്കുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം നൈജീരിയയും കാനഡയും തമ്മിൽ ഒരു മത്സരം നടന്നിരുന്നു. മത്സരത്തിനിടെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ ടോയ്‌ലറ്റ് ബ്രേക്കെടുത്ത നൈജീരിയൻ താരത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഐസിസി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. നൈജീരിയൻ ബാറ്റ്സ്മാൻ കൈമീസ് ഒൻവുസുലൈക്ക് ആണ് വീഡീയോയിലെ താരം. ആദ്യം ബാറ്റ് ചെയ്ത കാനഡ 159 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നൈജീരിയക്ക് വേഗത്തിൽ ഓപ്പണർമാരെ നഷ്ടമായി. മൂന്നാം വിക്കറ്റിലാണ് കൈമീസ് ക്രീസിലെത്തിയത്. സുലൈമാൻ റൻസീവെയുമായിച്ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കവെയാണ് കൈമീസിന് ‘പ്രകൃതിയുടെ വിളി’ ഉണ്ടായത്.
15 റൺസെടുത്തു നിൽക്കെ ഉണ്ടായ വിളിയോട് പിന്തിരിഞ്ഞു നിൽക്കാൻ കൈമീസിനായില്ല. ‘പൊക്കോട്ടെ?’ എന്ന് കാനഡ ക്യാപ്റ്റനോട് അദ്ദേഹം അനുവാദം ചോദിച്ചു. അനുവാദം കിട്ടിയ കൈമീസ് ഗ്രൗണ്ടിനു പുറത്തേക്കോടി. കക്കൂസിൽ പോയി വരാൻ സാധാരണയായി കുറച്ച് സമയമെടുക്കുന്നതു കൊണ്ട് നൈജീരിയൻ ക്യാപ്റ്റൻ അഡെമോള ഒനികോയ് പാഡണിഞ്ഞ് ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്കിറങ്ങി. അപ്പോഴതാ അമ്പയർ എന്തോ ആംഗ്യം കാണിക്കുന്നു. ക്യാപ്റ്റൻ തിരിഞ്ഞ് നോക്കുമ്പോൾ കൈമീസ് ‘വിളി’ക്കുത്തരം നൽകിയിട്ട് ട്രാക്ക് സ്യൂട്ട് ഇടുകയാണ്. ചിരിച്ചു കൊണ്ട് അഡെമോള തിരികെ നടന്നു. കൈമീസ് തിരികെ ക്രീസിലേക്ക്. കമൻ്റേറ്റർമാർക്കും സഹതാരങ്ങൾക്കും എതിർ ടീമിലെ താരങ്ങൾക്കും അമ്പയർമാർക്കും ചിരിക്കാൻ അവസരം ഒരുക്കിയാണ് കൈമീസ് കക്കൂസിൽ പോയി തിരികെ വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here