ഗാംഗുലിയും സംഘവും ചുമതലയേറ്റു

മുൻ ഇന്ത്യൻ ടീം നായകൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. അഞ്ചു പേരടങ്ങുന്നതാണ് ഭരണസമിതി. നേരത്തെയുണ്ടായിരുന്ന മൂന്നംഗസമിതിയുടെ 33 മാസ ഭരണത്തിനു ശേഷമാണ് പുതിയ സമിതി അധികാരമേൽക്കുന്നത്. സമിതിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയുമുണ്ട്.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലിയുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായുംകേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരു‍ൺ ധൂമൽ ട്രഷറർ ആയും ചുമതലയേറ്റു. ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമ വൈസ് പ്രസിഡന്റും കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയുമാണ്.

ബിസിസിഐയുടെ മുൻ ഭരണസമവാക്യങ്ങളെ പൊളിച്ചെഴുതിയാണ് പുതിയ സമിതി രൂപീകരിക്കപ്പെട്ടത്. സ്ഥിരം രാഷ്ട്രീയക്കാരുടെ കൈപ്പിടിയിലായിരുന്നു ബിസിസിഐയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി നിയമിച്ച ലോധ കമ്മീഷൻ്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ സമിതിയുടെ തിരഞ്ഞെടുപ്പ്. പൂർണ്ണമായി ആ ലക്ഷ്യം നടപ്പിലായില്ലെങ്കിലും പ്രസിഡൻ്റ് പദവിയിലെങ്കിലും സംശുദ്ധീകരണം നടന്നിട്ടുണ്ട്. സമിതിയിലെ മറ്റുള്ളവരെ നിലക്ക് നിർത്താൻ ഗാംഗുലിക്ക് സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ഭിന്നതാത്പര്യ വിഷയമാവും ഗാംഗുലിയുടെ മുന്നിലെത്തുന്ന പ്രധാനപ്പെട്ട പ്രശ്നം. അത് പരിഹരിച്ചാൽ മാത്രമേ ക്രിക്കറ്റ് ഉപദേശക സമിതിയിലും സെലക്ഷൻ കമ്മറ്റിയിലും യോഗ്യരായ ആളുകളെ നിയമിക്കാൻ സാദിക്കൂ. ഐസിസിയുമായുള്ള പ്രശ്നങ്ങൾക്കും ഗാംഗുലിക്ക് പരിഹാരം കാണേണ്ടതുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ശക്തിപ്പെടുത്തുക എന്നതാവും തൻ്റെ പ്രഥമ പരിഗണനയെന്ന് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top