Advertisement

സമനില തെറ്റി; ലേറ്റ് ഗോൾ ശാപം തുടർക്കഥയായപ്പോൾ ബ്ലാസ്റ്റേഴ്സിനു തോൽവി

October 24, 2019
Google News 0 minutes Read

മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. 83ആം മിനിട്ടിൽ വഴങ്ങിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടത്. പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്.

കഴിഞ്ഞ സീസണിലെ ലേറ്റ് ഗോൾ ശാപം ഈ കളിയിലും വിടാതെ തുടരുന്നതാണ് കളത്തിൽ കണ്ടത്. കഴിഞ്ഞ സീസണിൽ 75 മിനിട്ടിനു ശേഷം ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്സ്. ഈ കളിയും അത് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈ തന്നെയാണ് മികച്ച ആക്രമണം കാഴ്ച വെച്ചത്. ആദ്യ പകുതിയിലെ മോശം പ്രകടനത്തെത്തുടർന്ന് രണ്ടാം പകുതിയിലെ 54ആം മിനിട്ടിൽ ഹാലിചരൻ നർസാരിയെ പിൻവലിച്ച് രാഹുൽ കെപിയെ കോച്ച് ഷറ്റോരി കളത്തിലിറക്കി. ഇതോടെ ഇടതു വിങ്ങിൽ അല്പം കൂടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ ബ്ലാസ്റ്റേഴ്സിനായി.

63ആം മിനിട്ടിൽ 30 വാര അകലെ നിന്നുള്ള ജെസ്സർ കാർനീറോയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നു. 68ആം മിനിട്ടിൽ ആക്രമണത്തിനു കരുത്ത് കൂട്ടാൻ സിഡോയെ പിൻവലിച്ച് മെസ്സി ബൗളിയെ കോച്ച് കളത്തിലിറക്കി. 78ആം മിനിട്ടിൽ പ്രശാന്തിനു പകരം സഹൽ അബ്ദുൽ സമദും കളത്തിലിറങ്ങി. ഇരു ഭാഗത്തേക്കും അവസരങ്ങൾ മാറിമറിയുന്നതിനിടെ അപ്രതീക്ഷിതമായാണ് ഗോൾ പിറന്നത്.

82ആം മിനിട്ടിലാണ് മത്സരത്തിൻ്റെ ഫലം നിർണ്ണയിച്ച ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് സൗവിക് ചക്രവർത്തി നിലം പറ്റെ നൽകിയ ഒരു പാസ് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന അമിൻ ഷെർമിറ്റിക്ക് പന്ത് വലയിലേക്ക് തിരിച്ചു വിടുക എന്ന ധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ടുണീഷ്യൻ ഫോർവേർഡ് അനായാസം നിർവഹിച്ചു. ബിലാൽ ഖാന് ചലിക്കാൻ സമയം ലഭിക്കുന്നതിനു മുൻപ് തന്നെ പന്ത് വല തുളച്ചു.

84ആം മിനിട്ടിൽ വീണ്ടും പ്രതിരോധത്തിലെ പിഴവ്. അത് മുതലാക്കാൻ പക്ഷേ, മുംബൈ സിറ്റിക്കായില്ല. ഇഞ്ചുറി ടൈമിൽ കളി സമനിലയാക്കാൻ ബ്ലാസ്റ്റേഴ്സിനു സുവർണാവസരം. മൂന്നു ഡിഫൻഡർമാരെ കബളിപ്പിച്ച സഹൽ പന്ത് ലോബ് ചെയ്ത് ബോക്സിനുള്ളിൽ ഉണ്ടായിരുന്ന ഓഗ്ബെച്ചെക്ക് നൽകി. ഓഗ്ബച്ചെയുടെ പവർഫുൾ ഷോട്ട് പക്ഷേ, അമരീന്ദറിനു സേവ് ചെയ്യാൻ പാകത്തിലായിപ്പോയി. പിന്നെയും സമനിലക്കായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here