കളി കൊള്ളാം, പക്ഷേ ഗോളില്ല; ആദ്യ പകുതി സമാസമം

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടക്കുന്ന മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോളുകളൊന്നും അടിക്കാതെ സമനില പാലിക്കുന്നു. ഇരുവർക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല.

ബ്ലാസ്റ്റേഴ്സാണ് കളിയിൽ മികച്ചു നിന്നത്. കളിക്കാർക്കിടയിൽ പരസ്പര ധാരണയും പാസിംഗ് ഗെയിമും ബ്ലാസ്റ്റേഴ്സിന് ഉണർവു നൽകി. കഴിഞ്ഞ മത്സരത്തിൽ നിന്നും പ്രതിരോധവും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിർഭാഗ്യം കൂടി മാറിയിരുന്നെങ്കിൽ ചുരുങ്ങിയ ഒരു ഗോളെങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ അക്കൗണ്ടിൽ ഉണ്ടാവുമായിരുന്നു.

വേഗതയും വ്യക്തിഗത പ്രകടനങ്ങളും കൊണ്ടാണ് മുംബൈ കളി പിടിക്കാൻ ശ്രമിച്ചത്. കളിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴിനെ വിറപ്പിക്കാൻ അവർക്കായി. ഡിയേഗോ കാർലോസിൻ്റെ വേഗത പലപ്പോഴും ആതിഥേയരുടെ ഗോൾ പോസ്റ്റിൽ ചലനങ്ങൾ സൃഷ്ടിച്ചു. പതിയെ മധ്യനിര ഭരിക്കാൻ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പാസിംഗ് ഗെയിം നടപ്പിലാക്കാൻ തുടങ്ങി. വലതു വിങ്ങിൽ പ്രശാന്ത് വേഗത കൊണ്ട് ഭീഷണി ഉയർത്തിയെങ്കിലും ക്രോസ് ഉതിർക്കുന്ന കാര്യത്തിൽ പഴയ പല്ലവി തുടർന്നു. ബിലാൽ ഖാൻ കഴിഞ്ഞ മത്സരത്തിലേതിനെത്തെക്കാൾ ഭേദപ്പെട്ട രീതിയിലാണ് ഗോൾ വല സംരക്ഷിച്ചത്.

ഹാഫ് ടൈമിലേക്ക് നീങ്ങവെയാണ് കളിയിലെ ഏറ്റവും മികച്ച അവസരം പിറന്നത്. 44ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്കിൽ നിന്ന് ജെയ്രോ റോഡ്രിഗസിൻ്റെ ഹെഡർ. നിയർ പോസ്റ്റിൽ നിലം പറ്റെ അമരീന്ദർ അത് തടഞ്ഞു. മുഹമ്മദ് ലർബി പന്തടിച്ച് പുറത്ത് കളഞ്ഞു. കോർണർ. നിയർ പോസ്റ്റിൽ വന്ന പന്ത് വീണ്ടും ജെയ്രോ റോഡ്രിഗസ് ഹെഡ് ചെയ്ത് ഫാർ പോസ്റ്റിലേക്ക്. മുസ്തഫ നിങ് തല വെച്ചെങ്കിലും പന്ത് തട്ടി പുറത്തേക്ക്. പക്ഷേ, പന്ത് ഹെഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൈവെച്ചതുകൊണ്ട് നിങിനു മഞ്ഞക്കാർഡ്. ഇതോടെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top