ഉപതെരഞ്ഞെടുപ്പ്; രണ്ടിടങ്ങളിലും മിന്നുന്ന വിജയം നേടി എൽഡിഎഫ്; ഒന്നിൽ വിജയിച്ചും, രണ്ടിടത്ത് മുന്നേറിയും യുഡിഎഫ്

വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ രണ്ടിടങ്ങളിൽ മിന്നുന്ന വിജയം നേടി എൽഡിഎഫ്. വട്ടിയൂർക്കാവിലും കോന്നിയിലും മികച്ച പ്രകടനമാണ് ഇടത് മുന്നണി കാഴ്ചവച്ചിരിക്കുന്നത്. 14438 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ പ്രശാന്ത് വിജയിച്ചിരിക്കുന്നത്. കോന്നിയിൽ കെയു ജനീഷ് 9940 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്.

2011 ൽ വട്ടിയൂർക്കാവ് മണ്ഡലം രൂപപ്പെട്ടശേഷമുള്ള ചരിത്രമാണ് മേയർ ബ്രോ തിരുത്തിക്കുറിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വട്ടിയൂർക്കാവ് ശ്രദ്ധാകേന്ദ്രമായിരുന്നു. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലമെന്ന നിലയിൽ നിയമസഭയിലേക്ക് വൻ പ്രതീക്ഷയിലായിരുന്നു നേതൃത്വം. യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലത്തിൽ വിജയമല്ലാതെ മറിച്ചൊന്നും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇതിനെല്ലാം മുകളിലായിരുന്നു വി കെ പ്രശാന്തിന്റെ ജനസമ്മതി. മേയറെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിൽ ചെയ്ത പ്രവർത്തനങ്ങളും പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും മുന്നിൽ നിന്നത് വി കെ പ്രശാന്തിന്റെ ജനപ്രീതി വർധിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. പതിവുപോലെ വോട്ട് കച്ചവട ആരോപണങ്ങൾ ഇത്തവണയും വട്ടിയൂർക്കാവിനെ ഉലച്ചിരുന്നു. തീപാറുന്ന പോളിംഗ് നടന്ന വട്ടിയൂർക്കാവിൽ ഇലക്ഷൻ കഴിഞ്ഞതോടെ പ്രത്യക്ഷത്തിൽ എൽഡിഎഫിന് മേൽക്കൈ പ്രവചിച്ചിരുന്നു യുഡിഎഫും ബിജെപിയും. കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി എത്താത്തത് ബിജെപിക്ക് മണ്ഡലത്തിൽ വൻ തിരിച്ചടിയായി മാറി.

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്ത് എസ് കൃഷ്ണൻ ടി വസന്ത ദമ്പതികളുടെ മകനായി 1981 ഏപ്രിൽ 11 നാണ് വി കെ പ്രശാന്തിന്റെ ജനനം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിൽ നിന്ന് ിരുദവും ലോ അക്കാഡമിയിൽ നിന്ന് എൽഎൽബിയും കരസ്ഥമാക്കി. സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യഴ്‌സ് കോളേജിൽ മാഗസിൻ എഡിറ്ററും, കോളജ് ചെയർമാനും ആയിരുന്നു. 2015 വരെ അഭിഭാഷകനായി പ്രവർത്തിച്ചു. എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു കൂടാതെ ഡിവൈഎഫ്‌ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായും പ്രവർത്തിച്ചു. 2005 മുതൽ 2010 വരെ കഴക്കൂട്ടം പഞ്ചായത്ത് മെമ്പറായിരുന്നു. 2015 നവംർ 18 ന് തിരുവനന്തപുരം മേയറായി അധികാരമേറ്റു. മേയറായി അധികാരത്തിലിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ചത്.

ശക്തമായ ത്രികോണ മത്സരം നടന്ന കോന്നി, പതിവ് തെറ്റിച്ച് ഇക്കുറി ഇടത്തേക്ക് ചരിഞ്ഞു. കോൺഗ്രസിനെ കൈവിട്ട കോന്നി എൽഡിഎഫിനെ കൈപിടിച്ചുയർത്തി. മണ്ഡലത്തിൽ എൽഡിഎഫിനെ പ്രതിനിധീകരിച്ചത് അഡ്വ.കെയു ജനീഷ് കുമാറാണ്. കോൺഗ്രസിലെ പടലപ്പിണക്കവും ബിഡിജെജെഎസ് ഇടഞ്ഞതും കോന്നിയിൽ ഇടത് പക്ഷത്തിന് ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാർ. സാമൂദായിക വോട്ടുകൾക്ക് പ്രാധാന്യമുള്ള കോന്നിയുടെ വോട്ടിംഗ് സ്വഭാവം പരിഗണിച്ചാണ് ജനീഷ് കുമാറിനെ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചത്. സാധ്യതാ പട്ടികയിൽ ജില്ല സെക്രട്ടറി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരെ മറികടന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാറിന്റെ പേര് പരിഗണിക്കപ്പെടുന്നത്.

കോൺഗ്രസ് മൂന്നിടത്താണ് നിലവിൽ മുന്നേറുന്നത്. ഇതിൽ എറണാകുളത്ത് യുഡിഎഫിന്റെ ടിജെ വിനോദ് വിജയിച്ചു. അരൂരും, മഞ്ചേശ്വരത്തും തികഞ്ഞ വിജയ പ്രതീക്ഷയോടെ മുന്നേറുകയാണ് പാർട്ടി.

നിർണായക നീക്കങ്ങൾക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.

കൊച്ചി ഡെപ്യൂട്ടി മേയറും, പാർട്ടിയുടെ ജില്ലാ നേതാവുമാണ് വിജയിച്ച ടിജെ വിനോദ്. 1982ൽ കളമശ്ശേരി സെന്റ് പോൾസ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് ടിജെ വിനോദ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‌യുവിൽ ചേർന്ന് ഒരു ദശാബ്ദത്തിന് ശേഷം 2002 ൽ കൊച്ചിയുടെ ഡെപ്യൂട്ടി മേയറായി ടിജെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് ടിജെ വിനോദ്. ഇതിന് പുറമെ, ആർച്ചറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top