പ്രളയത്തില്‍ നാടിന്റെ താരം; മേയര്‍ ബ്രോയ്‌ക്കൊപ്പം വട്ടിയൂര്‍ക്കാവ്

2011 ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപപ്പെട്ടശേഷമുള്ള ചരിത്രം തിരുത്തിക്കുറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. മണ്ഡലം രൂപപ്പെട്ട ശേഷം വിജയിക്കാനായില്ലെന്ന ഇടതുപക്ഷത്തിന്റെ ചീത്തപ്പേരാണ് മേയര്‍ ബ്രോ തിരുത്തിക്കുറിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 14438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ബ്രോ ആയത്. 54782 വോട്ടുകളാണ് വി കെ പ്രശാന്തിന് നേടാനായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന് 40344 വോട്ട് മാത്രമാണ് നേടാനായത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണെങ്കില്‍ പോലും ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥി പിന്തള്ളപ്പെട്ടു. 27425 വോട്ടുകള്‍ മാത്രമാണ് എസ് സുരേഷിന് നേടാനായത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വട്ടിയൂര്‍ക്കാവ് ശ്രദ്ധാകേന്ദ്രമായിരുന്നു. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലമെന്ന നിലയില്‍ നിയമസഭയിലേക്ക് വന്‍ പ്രതീക്ഷയിലായിരുന്നു നേതൃത്വം. യുഡിഎഫിന്റെ സുരക്ഷിതകോട്ടകളിലൊന്നായ മണ്ഡലത്തില്‍ വിജയമല്ലാതെ മറിച്ചൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇതിനെല്ലാം മുകളിലായിരുന്നു വി കെ പ്രശാന്തിന്റെ ജനസമ്മതി. മേയറെന്ന നിലയില്‍ തിരുവനന്തപുരം നഗരത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ശുചീകരണത്തിനും മുന്നില്‍ നിന്നത് വി കെ പ്രശാന്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു.
പതിവുപോലെ വോട്ട് കച്ചവട ആരോപണങ്ങള്‍ ഇത്തവണയും വട്ടിയൂര്‍ക്കാവിനെ ഉലച്ചിരുന്നു. തീപാറുന്ന പോളിംഗ് നടന്ന വട്ടിയൂര്‍ക്കാവില്‍ ഇലക്ഷന്‍ കഴിഞ്ഞതോടെ പ്രത്യക്ഷത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിച്ചിരുന്നു യുഡിഎഫും ബിജെപിയും. കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായി എത്താത്തത് ബിജെപിക്ക് മണ്ഡലത്തില്‍ വന്‍ തിരിച്ചടിയായി മാറി.
തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്ത് എസ് കൃഷ്ണന്‍ – ടി വസന്ത ദമ്പതികളുടെ മകനായി 1981 ഏപ്രില്‍ 11 നാണ് വി കെ പ്രശാന്തിന്റെ ജനനം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ബിരുദവും ലോ അക്കാഡമിയില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യഴ്‌സ് കോളേജില്‍ മാഗസിന്‍ എഡിറ്ററും, കോളജ് ചെയര്‍മാനും ആയിരുന്നു. 2015 വരെ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു കൂടാതെ ഡിവൈഎഫ്‌ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായും പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2010 വരെ കഴക്കൂട്ടം പഞ്ചായത്ത് മെമ്പറായിരുന്നു. 2015 നവംബര്‍ 18 ന് തിരുവനന്തപുരം മേയറായി അധികാരമേറ്റു. മേയറായി അധികാരത്തിലിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. എം.ആര്‍.രാജിയാണ് ഭാര്യ. ആലിയ, ആര്യന്‍ എന്നിവര്‍ മക്കളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here