ധോണിയെ ഒഴിവാക്കി; സഞ്ജു ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷ്യലിസറ്റ് ബാറ്റ്സ്മാനായാണ് സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലെത്തിയത്. ധോണിയെ പരിഗണിച്ചില്ല.
ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ നടത്തിയ ഗംഭീര പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ഋഷഭ് പന്തിൻ്റെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ടീമിൽ പരിഗണിക്കമെന്ന ആവശ്യം ശക്തമായിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തിയതു കൊണ്ട് തന്നെ മൂന്നാം നമ്പറിൽ സഞ്ജു കളിച്ചേക്കും. അതേ സമയം, ലോകേഷ് രാഹുൽ കൂടി ടീമിലെത്തിയത് മറ്റൊരു വെല്ലുവിളിയാവാനും സാധ്യതയുണ്ട്.
സഞ്ജുവിനൊപ്പം മുംബൈ ഓൾറൗണ്ടർ ശിവം ദൂബെയും ടീമിലെത്തി. വാഷിംഗ്‌ടൻ സുന്ദർ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, രാഹുൽ ചഹാർ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. നവംബർ മൂന്നിന് ഡൽഹിയിലാണ് ആദ്യ ടി-20 മത്സരം.
ടി-20 പരമ്പരയ്ക്കൊപ്പം ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ക്യാപ്റ്റൻ. വൃദ്ധിമാൻ സാഹയ്ക്കൊപ്പം റിഷഭ് പന്ത് ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീമിനെ ഒഴിവാക്കി. പകരം കുൽദീപ് യാദവ് സ്ഥാനം നിലനിർത്തി. നവംബർ 14നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. പരിക്കേറ്റ ഹർദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ഇരു ടീമുകളിലും ഉൾപ്പെട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here