സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട ആശയക്കുഴപ്പം തോല്‍വിക്ക് കാരണമായി: എസ് സുരേഷ്

സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട ആശയക്കുഴപ്പം തോല്‍വിക്ക്് കാരണമായെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. പ്രവര്‍ത്തകരുടെശ്രമം കൊണ്ട് കരകയറാന്‍ സാധിച്ചെങ്കിലും പൊതുസമൂഹത്തിനിടയില്‍ ആശയക്കുഴപ്പം ദോഷകരമായി ബാധിച്ചു. രാവിലെ ആറുമണിമുതല്‍ പതിനൊന്നുമണിവരെ തുടര്‍ന്ന മഴ നിഷ്പക്ഷരും പൊതുവെ വികസനം ആഗ്രഹിക്കുന്നവരുമായിട്ടുള്ള നൂറുകണക്കിന് ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ തടസമായി. അതുകൊണ്ട് പോളിംഗ് ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് ഇത്തവണ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേയ്ക്ക് ബിജെപി തള്ളപ്പെട്ടു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 14438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ബ്രോ ആയത്. 54782 വോട്ടുകളാണ് വി കെ പ്രശാന്തിന് നേടാനായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ 40344 വോട്ട് നേടി. 27425 വോട്ടുകള്‍ മാത്രമാണ് എസ് സുരേഷിന് നേടാനായത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വട്ടിയൂര്‍ക്കാവ് ശ്രദ്ധാകേന്ദ്രമായിരുന്നു. ബിജെപിക്ക് വേരോട്ടമുള്ള മണ്ഡലമെന്ന നിലയില്‍ നിയമസഭയിലേക്ക് വന്‍ പ്രതീക്ഷയിലായിരുന്നു നേതൃത്വം.