തിരുവനന്തപുരത്ത് അടുത്ത മേയർ ആര് ? പരിഗണനയിലുള്ളത് നാല് പേരുകൾ

മേയറായ വി.കെ.പ്രശാന്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരത്തെ അടുത്ത മേയറെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമായി. നാലു പേരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ.ശ്രീകുമാറിനാണ് പ്രഥമ പരിഗണന. എന്നാൽ വനിതയെ പരിഗണിക്കണമെന്ന ആവശ്യവും സജീവമാണ്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്തിന്റെ പകരക്കാരനെ തേടുന്ന ചർച്ചകളാണ് സി.പി.എമ്മിൽ സജീവമായത്. 2020 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി ഭരണതുടർച്ച നേടാനാണ് ലക്ഷ്യമിടുന്ന് എന്നതിനാൽ പ്രതിച്ഛായയും പ്രവർത്തന പരിചയവുമുള്ളയാളെ മേയറാക്കണമെന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കെ.ശ്രീകുമാറിനാണ് പ്രഥമ പരിഗണന. ഭൂരിപക്ഷം കുറവായ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപേകാൻ മുതിർന്ന അംഗമെന്ന നിലയിൽ ശ്രീകുമാറിനു കഴിയുമെന്നതാണ് അദ്ദേഹത്തിന് അനുകൂലമായ ഘടകം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ ശ്രീകുമാർ നിലവിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ എസ്.പുഷ്പലതയും പരിഗണനാ പട്ടികയിലുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ വനിതയ്ക്ക് പരിഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിലിലെ പ്രമുഖ നേതാവാണ് പുഷ്പലത. എന്നാൽ അടുത്ത തവണ മേയർ സ്ഥാനം വനിതാ സംവരണമായതിനാൽ ഇതിനുള്ള സാധ്യത കുറവാണ്. കൗൺസിലർമാരായ പി.ബാബുവും ആർ.പി.ശിവജിയും പരിഗണനാപട്ടികയിലുണ്ട്്. സി.പി.എം ജില്ലാ കമ്മിറ്റിയാകും മേയറുടെ കാര്യത്തിൽ തീരുമാനമെടുക്കുക. 100 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 44 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35 ഉം യു.ഡി.എഫനു ഇരുപത്തിയൊന്നും അംഗങ്ങളാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here