പരുക്കിൽ മുടന്തി ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ

രണ്ട് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചത്. രണ്ടും പാക്ക്ഡായ ഹോം ഗ്രൗണ്ടിനു മുന്നിൽ. ഒരു ജയവും ഒരു തോൽവിയും. തരക്കേടില്ലാത്ത റിസൽട്ടാണ്. അതിനപ്പുറം കഴിഞ്ഞ സീസണിലെ കളിയെക്കാൾ ഭേദപ്പെട്ട പ്രകടനം കളിക്കളത്തിൽ കാഴ്ച വെക്കുന്നുണ്ടെന്നത് സന്തോഷം പകരുന്നുണ്ട്. കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഒരു ടീം എന്ന നിലയിൽ അല്പം കൂടി ഒത്തിണക്കം കാണിക്കുന്നുണ്ട്. പാസിംഗ് ഗെയിമും ലിങ്കപ്പ് പ്ലേയും ഉണ്ടായി വരുന്നുണ്ട്. പിഴവുകൾ സംഭവിക്കുന്നുണ്ടെങ്കിലും പൊസിഷൻ ഫുട്ബോളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നു എന്നത് ശുഭസൂചനയാണ്. എങ്കിലും വളരെ വേഗം പരിഹരികപ്പെടേണ്ട ചില കാര്യങ്ങളുണ്ട്.

ആദ്യമായി, ബ്ലാസ്റ്റേഴ്സ് ക്യാമ്പിനെ അലട്ടുന്ന വലിയൊരു പ്രശ്നമുണ്ട്, പരുക്ക്. പ്രതിരോധത്തിലെ എക്കാലത്തെയും വിശ്വസ്തൻ സന്ദേശ് ജിങ്കൻ പരുക്കേറ്റ് ടൂർണമെൻ്റിൽ നിന്നു തന്നെ പുറത്തായിക്കഴിഞ്ഞു. അത് പരിഹരിക്കാനാവാത്ത പ്രശ്നമാണ്. പ്രതിരോധത്തിലെ പിഴവുകൾ രണ്ട് മത്സരത്തിലും കണ്ടു. സെൻ്റർ ഡിഫൻസിൽ ജിയാനി സൂയിവെർലൂണും ജെയ്രോ റോഡ്രിഗസും തമ്മിലുള്ള കൂട്ടുകെട്ട് വർക്കാവുന്നില്ല. രണ്ട് പേരും പൂർണ ഫിറ്റല്ല താനും. ഇരുവരുടെയും ഒറ്റക്കുള്ള പ്രകടനത്തിൽ പിഴവുകൾ കാണുന്നുമില്ല. ഉണ്ടെങ്കിൽ തന്നെ ജിയാനിയാണ് കുറച്ചെങ്കിലും വ്യക്തിഗത പ്രകടനത്തിൽ പിന്നാക്കം പോകുന്നത്. പ്രത്യേകിച്ചും മാൻ മാർക്കിംഗിൽ. അതാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പ്രശ്നം. ജിങ്കൻ ഈ സീസണിൽ തിരികെ വരില്ലെന്നത് ഉറപ്പായതു കൊണ്ട് തന്നെ ഡിഫൻസിലെ ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതാവും ഷറ്റോരിയുടെ ആദ്യത്തെ തലവേദന.

വീണ്ടും പരുക്ക് തന്നെയാണ് പ്രശ്നം. സന്നാഹമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വല കാക്കാനിറങ്ങിയ ടിപി രഹനേഷിനും പരുക്കാണ്. ബിലാൽ ഖാൻ്റെ കഴിവിനെപ്പറ്റി സംശയമില്ലെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഗോൾ വല സംരക്ഷിച്ചത് ഒരു പകപ്പോടെയായിരുന്നു. ആത്മവിശ്വാസമില്ലാത്തതു പോലെ തോന്നി. പിഴവുകളുണ്ടായി. ഹാൻഡ്‌ലിംഗ് വളരെ മോശം. ആദ്യമായി ഇത്രയധികം കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങിയതിൻ്റെ സമ്മർദ്ദമാവാം. അത് വരും മത്സരങ്ങളിൽ മാറുമെന്ന് കരുതാം. അത് മാറുക തന്നെ വേണം. രഹനേഷ് പരിക്ക് മാറി എപ്പോഴാണ് തിരികെയെത്തുക എന്നതിനെപ്പറ്റി വ്യക്തതയില്ല. അതുകൊണ്ട് തന്നെ ബിലാൽ ഖാൻ അപ്ഡേറ്റാവേണത് അത്യാവശ്യമാണ്.

ഇനിയുള്ള പ്രശ്നം, ഇരു വിങ്ങുകളിലാണ്. പ്രശാന്തും നർസാരിയും അങ്ങ് ശരിയാവുന്നില്ല. ഡ്രിബ്ലിംഗ് ഓക്കെ, പേസ് ഓക്കെ, ഓവർലാപ്പിംഗ് ഓക്കെ. പ്രശ്നം ക്രോസിംഗിലാണ്. രണ്ട് പേരും അക്കാര്യത്തിൽ വൻ പരാജയം. പ്രത്യേകിച്ചും പ്രശാന്ത്. കഴിഞ്ഞ സീസണിൽ കണ്ട പ്രശാന്തിൽ നിന്നും ഒരു ശതമാനം പോലും പുരോഗമനം ഇത്തവണ കാണുന്നില്ല. അലക്ഷ്യമായ ക്രോസുകൾ കാരണം രണ്ട് മത്സരങ്ങളിൽ നിന്നായി എത്രയോ ചാൻസുകളാണ് ബ്ലാസ്റ്റേഴ്സിനു നഷ്ടമായത്. ഇതിനു പരിഹാരമുണ്ട്. അത് കഴിഞ്ഞ കളിയിൽ കണ്ടതാണ്. രാഹുൽ കെപി ലെഫ്റ്റ് വിങിലും സഹൽ റൈറ്റ് വിങിലും ഇറങ്ങിയതോടെ കൂടുതൽ ചാൻസുകൾ ക്രിയേറ്റ് ചെയ്യപ്പെട്ടു. ഫൈനൽ തേർഡിൽ കൂടുതൽ ചലനങ്ങളുണ്ടായി. പിന്നെ എന്തുകൊണ്ട് ഇരുവരെയും ഫസ്റ്റ് ഇലവനിൽ ഇറക്കുന്നില്ല?

രാഹുലിൻ്റെ കാര്യത്തിൽ വല്യ പിടിയില്ല. പക്ഷേ, സഹൽ ക്ലബിൻ്റെ മുന്നൊരുക്കങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും തൻ്റെ കളിശൈലി സഹലിന് ഇനിയും പഠിക്കാനുണ്ടെന്നുമാണ് ഷറ്റോരി പറയുന്നത്. ഒരു കളിപ്രേമി എന്ന നിലയിൽ നമ്മൾ അത് സ്നേഹത്തോടെ തള്ളിക്കളയും, അല്ലേ? ശരിയാണ്, ഷറ്റോരിയാണ് പരിശീലകൻ. മിടുക്കനായ പരിശീലകനാണ്. ആക്രമിച്ചു കളിക്കാനും പൊസിഷൻ ഫുട്ബോൾ കളിക്കാനും ഇഷ്ടപ്പെടുന്ന പരിശീലകനാണ്. എങ്കിലും സഹൽ അതിലേക്കെത്തിയില്ലെന്ന് പറയുമ്പോൾ അത് ദഹിക്കുന്നില്ല. അദ്ദേഹം തൻ്റെ ആ തീരുമാനം മാറ്റുമെന്ന് കരുതാം. രാഹുലും ആദ്യ ഇലവനിൽ വരുമെന്നും കരുതാം.

പ്രത്യക്ഷത്തിൽ ഇതൊക്കെയാണ് ആശങ്കകൾ. ഇതിനോടൊപ്പം അർജുൻ ജയരാജ് കൂടി പരുക്കേറ്റു പുറത്തായത് തിരിച്ചടിയാണ്. മധ്യനിരയിൽ അർജുനും സഹലും ചേർന്ന കോമ്പിനേഷന് അത്ഭുതങ്ങൾ കാണിക്കാൻ കഴിഞ്ഞേനെ. ഇനിയിപ്പോൾ ഉള്ള വിഭവങ്ങൾ വെച്ച് കളിക്കുക തന്നെ. പക്ഷേ, ഈ പരിശീലകനിൽ പ്രതീക്ഷിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top