കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ലഹരി മരുന്ന് എത്തിക്കുന്നത് പോത്തുകളെ ഉപയോഗിച്ച്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ലഹരി മരുന്ന് കടത്തുന്നത് പോത്തുകളെ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ യുവാവാണ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കേരളത്തിലേക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശിൽ നിന്നാണെന്നും യുവാവ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ആലുവയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന’ചൈന വൈറ്റ്’ എന്ന ലഹരി വസ്തുവുമായി മുർഷിദാബാദ് സ്വദേശിയായ ഇംദാദുൽ ബിശ്വാസ് എക്‌സൈസ് പിടിയിലാവുന്നത്. ഇയാളിൽ നിന്നാണ് പൊലീസിന് ലഹരിക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
പോത്തുകളെ ഉപയോഗിച്ചാണ് ഇടനിലക്കാർ ലഹരി വസ്തുക്കൾ ബംഗ്ലാദേശിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. ബംഗാൾ അതിർത്തിയോട് ചേർന്ന ജലംഗി കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യൻ അതിർത്തിയിൽ നിന്ന് പോത്തുകളെ ബംഗ്ലാദേശിൽ എത്തിക്കും. ഈ പോത്തുകളുടെ ദേഹത്ത് ലഹരി പൊതികൾ കെട്ടിവച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്.
പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ലഹരി സംഘത്തിലുള്ള കെമിസ്റ്റുകൾ തരംതിരിച്ച് എടുക്കും. പിന്നീട് ഇത് ഇടനിലക്കാർ വഴി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. കൊച്ചിയിലെ റേവ് പാർട്ടികൾ കേന്ദ്രീകരിച്ചാണ് സംഘം കൂടുതലായും പ്രവർത്തിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here