പരിക്കൊഴിയാതെ ബ്ലാസ്റ്റേഴ്സ്; മരിയോ ആർക്കസ് നാലാഴ്ച പുറത്തിരിക്കും

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പരിക്കൊഴിയുന്നില്ല. എടികെയുമായുള്ള ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ മരിയോ ആർക്കസ് നാലാഴ്ച പുറത്തിരിക്കുമെന്നാണ് പരിശീലകൻ എൽകോ ഷറ്റോരി വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര നിയന്ത്രിക്കുമെന്ന് കരുതപ്പെട്ട ആർക്കസ് നാലാഴ്ച പുറത്തിരിക്കും എന്നത് ബ്ലാസ്റ്റേഴ്സിൻ്റെ സാധ്യതകൾക്ക് വല്ലാതെ തിരിച്ചടിയാവും.
“ആർക്കസിന് സംഭവിച്ച പരിക്ക് ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പരിക്കിൽ നിന്ന് മുക്തനാവാൻ അദ്ദേഹത്തിന് മൂന്നോ നാലോ ആഴ്ച വേണ്ടി വന്നേക്കും. ആർക്കസ് ഏറെ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ അഭാവം തിരിച്ചടിയാവും.” ഷറ്റോരി പറഞ്ഞു.
എടികെക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൻ്റെ 64-ം മിനിട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ആർക്കസ് 90ആം മിനിട്ടിൽ പരിക്കേറ്റു പുറത്തായിരുന്നു. അടുത്ത രണ്ട് മത്സരങ്ങൾ കൂടി അദ്ദേഹത്തിനു നഷ്ടമായേക്കും. അടുത്ത മാസം 23-ം തീയതി ബെംഗളൂരു എഫ് സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലാകും അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തുക.
ഗോൾകീപ്പർ ടിപി രഹനേഷ്, ഡിഫൻഡർമാരായ സന്ദേശ് ജിങ്കൻ, ജെയ്റോ റോഡ്രിഗസ്, ജിയാനി സുയിവെർലൂൺ, മിഡ്ഫീൽഡർ അർജുൻ ജയരാജ് തുടങ്ങിയവരൊക്കെ പരിക്കിൻ്റെ പിടിയിലാണ്.