മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

മലപ്പുറം താനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ നാലു പേർക്കായി തെരച്ചിൽ തുടരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

അതേസമയം, കൊലപാതകം നടത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്നും പി. ജയരാജന് പങ്ക് ഉള്ളതായും യൂത്ത് ലീഗ് ആരോപിച്ചു. നിരന്തരമായ രാഷ്ട്രീയ സംഘട്ടനങ്ങൾക്കൊടുവിൽ സമാധാന ചർച്ചകൾ നടത്തിയാണ് ജില്ലയിലെ തീരദേശ പ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് പൊലീസ്. എസ്പിയുടെയും 3ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ അഞ്ഞൂറിലധികം പൊലീസിനെ പ്രദേശത്ത്  വിന്യസിച്ചിട്ടുണ്ട്. എട്ടുപേരെ കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മത്സ്യ തൊഴിലാളിയായിരുന്ന ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് വീടിന് ഏതാനും മീറ്ററുകൾ അകലെ വച്ചായിരുന്നു കൊല്ലപ്പെട്ടത്. മുതിർന്ന സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ഇസ്ഹാക്കിന്റെ കൊലപാതകത്തിനായി ഗൂഢാലോചനയിൽ പങ്കെടുത്തന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ സമാധാനപരമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top