മോഹനൻ നായരുടെ അറസ്റ്റ് രേഖപ്പെടുത്തി

ചികിത്സാ പിഴവ് മൂലം ഒന്നര വയസ്‌കാരി മരിച്ചെന്ന പരാതിയിൽ മോഹനൻ നായരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഹൈക്കോടതി നിർദേശ പ്രകാരമാണ് മോഹനൻ നായർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്.കായംകുളം പൊലീസാണ് മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. വയനാട് സ്വദേശിയുടെ പരാതിയിൽ കായംകുളം പോലീസ് മോഹനൻ നായർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് മൂൻകൂർ ജാമ്യം നൽകിയിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
പ്രപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന കുട്ടി വൈദ്യരുടെ അശാസ്ത്രീയ ചികിത്സാമൂലം മരിച്ചെന്നാണ് പരാതി. സംഭവത്തിൽ മനഃപൂർവമായ നരഹത്യക്ക് മാരാരിക്കുളം പൊലീസ് കേസെടുത്തിരുന്നു. വൈദ്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിത്.
ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെ.എൻ. നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനൻ നായർ എന്ന മോഹനൻ നായർ. താൻ ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളാണെന്നു ജാമ്യഹർജിയിൽ നായർ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നത്. നിരവധി പേർക്ക് സൗഖ്യം പകർന്നിട്ടുണ്ട്. എം.പിമാർ, എം.എൽ.എമാർ, വിവിധ എൻ.ജി.ഒകൾ അടക്കമുള്ളവർ തന്നെ ആദരിച്ചിട്ടുമുണ്ട്. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലമല്ല. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനൽകിയിട്ടില്ലെന്നും മുൻകൂർ ജാമ്യഹർജിയിൽ മോഹനൻ നായർ വ്യക്തമാക്കുന്നു.
അതേസമയം, മോഹനൻ നായരുടെ അശാസ്ത്രീയ ചികിത്സ തന്നെയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയെ ചികിത്സിച്ച തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ വിപിൻ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ബന്ധുക്കളെ നാട്ടുവൈദ്യൻ തെറ്റിദ്ധരിപ്പിച്ചതായും ഡോക്ടർ വിപിൻ 24 നോട് പറഞ്ഞിരുന്നു.
Read Also : ഒന്നര വയസ്സുകാരി മരിച്ച സംഭവം; മോഹനന്‍ നായർക്കെതിരെ നരഹത്യക്ക് കേസ്
ട്വന്റിഫോറിന്റെ ‘ജനകീയ കോടതിയിൽ’ മോഹനൻ നായർ പങ്കെടുത്തിരുന്നു. ടോക്ക് ഷോയിൽ അവതാരകന്റെ ചോദ്യത്തിൽ ഉത്തരം മുട്ടിയ മോഹനൻ നായർ പിന്നീട് ഫേസ്ബുക്ക് ലൈവിലെത്തി തന്നെ ചതിച്ചതാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ടോക്ക് ഷോയിൽ മോഹനൻ നായർ നിരത്തിയ വിചിത്ര വാദങ്ങളെ ന്യായീകരിക്കാനായിരുന്നു ഇത്. ചാനൽ പരിപാടിക്കിടെ തനിക്കു നൽകിയ വെള്ളത്തിൽ മാത്രം എന്തോ ചേർത്ത് തന്നെ ഭാഗികമായി ബോധം കെടുത്തിയിരുന്നുവെന്നും പറഞ്ഞതൊന്നും സ്വബോധത്തോടെ ആയിരുന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് മോഹനൻ നായർ അന്ന് ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here