വാളയാർ പീഡനക്കേസ്; അപ്പീൽ സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ

ak balan

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാളയാർ കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി നടപടി വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലുമായാണ് പതിമൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രണ്ട് പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായെന്നാണ് വിവരം. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയിൽപ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.

സംഭവം നടന്ന് രണ്ട് വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതും വിമർശനത്തിന് ഇടയാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. മറ്റൊരു സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു.

Read also: വാളയാർ കേസ്; മൂന്ന് പ്രതികളെയും വെറുതെ വിട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top