സൗമിനി ജെയ്‌നിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം; സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്ന് മറ്റൊരു വിഭാഗം

കൊച്ചി മേയർ സൗമിനി ജെയ്‌നിനെ മാറ്റുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയക്കുഴപ്പം. സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം മേയറെ മാറ്റണമെന്ന നിലപാടിൽ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യം നേതാക്കൾ നാളെ കെപിസിസി പ്രസിഡന്റിനെ അറിയിക്കും.

മേയറെയും മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെയും മാറ്റി കൊച്ചി കോർപറേഷൻ ഭരണത്തിൽ പൂർണ അഴിച്ചുപണി നടത്താൻ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ ധാരണയായിരുന്നു. വെള്ളക്കെട്ടിനൊച്ചൊല്ലി ഉയർന്ന വിവാദങ്ങളും ഹൈക്കോടതി വിമർശനവും ഉയർത്തിയല്ല ഈ മാറ്റത്തിനുള്ള നേതാക്കളുടെ നീക്കം. പകരം രണ്ടര വർഷത്തിന് ശേഷം പദവി പങ്കിടൽ സംബന്ധിച്ച മുൻ ധാരണ നടപ്പാക്കുന്നത് വൈകിയിരുന്നു. ഇക്കാര്യമാണ് നേതാക്കൾ ഉന്നയിക്കുന്നത്. ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ വികാരം കെപിസിസിയെ അറിയിക്കും.

Read Also : സൗമിനി ജെയ്‌നിനെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റും

എന്നാൽ സാമുദായിക സമവാക്യം തകരുന്ന തീരുമാനം പാടില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു. പ്രധാന പാർലമെന്ററി സ്ഥാനങ്ങളും ഡിസിസി പ്രസിഡന്റ് പദവിയും ഒരു വിഭാഗത്തിൽ തന്നെ പരിമിതപ്പെട്ടാൽ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ നിലപാട്. ഇതിനായി പുതിയ ഫോർമുല രൂപീകരിക്കാനാണ് ഇപ്പോൾ നീക്കം.

എഐ ഗ്രൂപ്പ് ഭേതമില്ലാതെ മേയറെ മാറ്റണമെന്ന നിലപാടിലാണ് ജില്ലയിലെ നേതാക്കൾ. കെപിസിസി പുനസംഘടന വരുന്നതോടെ ഡിസിസിയിലും നേതൃമാറ്റം നടക്കുമെന്നും അതോടെ സാമുദായിക സമവാക്യം ഉറപ്പുവരുത്താനാകുമെന്നാണ് നേതാക്കളുടെ നിലപാട്. അതേസമയം നഗരസഭയിലെ ഭരണമാറ്റം നേതൃത്വത്തിന് മുന്നിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഒരു വർഷം മാത്രം അകലെയുള്ള തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുൻപുള്ള മുഖം മിനുക്കൽ നേതൃത്വത്തിന് എളുപ്പമാവില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top