കരമന മരണം; കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായർ

കരമന കൂടത്തിൽ തറവാട്ടിൽ നിന്ന് തനിക്ക് ലഭിച്ച സ്വത്തിൽ മുൻ അന്വേഷണസംഘം വീതം ചോദിച്ചതായി രവീന്ദ്രൻ നായരുടെ പരാതി. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മധു, എസ്‌ഐ ശശിധരൻ പിള്ള എന്നിവരാണ് വീതം ചോദിച്ചതായി പരാതിയൽ പറയുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വഭാവികതയില്ലെന്ന് വിലയിരുത്തിയ ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ട്വന്റിഫോറിന് ലഭിച്ചു.

2018 സെപ്തംബർ 8 നാണ് ആദ്യ അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രൻ ഡിജിപിക്ക് പരാതി നൽകിയത്. കൂടം തറവാട്ടിലെ സ്വത്തുക്കൾ ജയമാധവൻ നായർ തൻറെ പേരിൽ എഴുതിവെച്ചതിന് പിന്നാലെ സമീപവാസിയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനുമായ മധു തന്നെ സമീപിക്കുകയും 3 സെൻറ് ഭൂമി ആവശ്യപ്പെടുകയും ചെയ്തു. താൻ ഇത് നൽകാൻ തയ്യാറാകാതായതോടെയാണ് സംഭവത്തിലെ ആദ്യത്തെ പരാതി പൊലീസിൽ എത്തുന്നത്.

Read Also : കരമനയിലെ ദുരൂഹ മരണങ്ങൾ; ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ട്വന്റിഫോറിന്

ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്ന എസ് ഐ ശശിധരൻ പിള്ള 5 സെൻറ് ഭൂമി ആവശ്യപ്പെട്ടു. ഈ ആവശ്യവും താൻ നിരസിച്ചു. ഇതിന് പിന്നാലെ തന്നെ കേസിൽ കുടുക്കാൻ അന്വേഷണ സംഘം ശ്രമം നടത്തിയതായി പരാതിയിൽ പറയുന്നു. കേസിലെ ഇപ്പോഴത്തെ പരാതിക്കാരിയായ പ്രസന്നകുമാരിക്കെതിരെയും രവീന്ദ്രന്റെ പരാതിയിൽ പരാമർശമുണ്ട്. പ്രസന്നകുമാരി ഗോപിനാഥൻ നായരുടെ സഹോദരനായ ഉണ്ണികൃഷ്ണനിൽ നിന്ന് വിവാഹമോചനം നേടിയതാണെന്നും എന്നാൽ വർഷങ്ങൾക്കിപ്പുറം കുടുബത്തിലെ എല്ലാവരും മരണപ്പെട്ടതറിഞ്ഞ് തിരികെ എത്തി വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയതായും രവീന്ദ്രൻറെ പരാതിയിൽ പറയുന്നു.

പരാതിയിന്മേൽ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് കേസ് അട്ടിമറിക്കാൻ വേണ്ടി രവീന്ദ്രൻ നടത്തുന്ന ശ്രമത്തിൻറെ ഭാഗമാണ് പരാതി എന്നാണ് കണ്ടെത്തിയത്. അതേ സമയം പ്രാഥമിക പരിശോധനയിൽ അസ്വഭാവികതയില്ലെന്ന് വിലയിരുത്തിയ ജയ മാധവൻനായരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ട്വന്റി ഫോറിന് ലഭിച്ചു.മരണകാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം.ആന്തരിക അവയവങ്ങൾ സാധാരണ നിലയിലാണെന്നും നെറ്റിയിലും മുഖത്തും ചെറിയ പരുക്കുകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.കേസ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ചേക്കാൻ ആലോചന നടക്കുന്നുണ്ട്.നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് ശുപാർശ നൽകി. അന്വേഷണം കൈമാറുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമെടുക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top