കരമനയിലെ ദുരൂഹ മരണങ്ങൾ; ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ട്വന്റിഫോറിന്

കരമന ദുരൂഹ മരണങ്ങളിൽ ഒന്നായ ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ട്വന്റിഫോറിന്. റിപ്പോർട്ടിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. മരണകാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് നിഗമനം.
പ്രാഥമിക പരിശോധനയിൽ ജയമാധവന്റെ മരണത്തിൽ അസ്വാഭാവികതകളില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ സാധാരണ നിലയിലാണെന്നും ജയമാധവന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ജയമാധവന്റെ നെറ്റിയിലും മുഖത്തും ചെറിയ പരുക്കുകളുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിലത്ത് വീണ നിലയിൽ ജയമാധവനെ കണ്ടെന്നായിരുന്നു മൊഴി. അപ്പോൾ ഉണ്ടായതാകാം പരുക്കുകളെന്നാണ് നിഗമനം.
കരമന, കുളത്തറ, ഉമാ മന്ദിരത്തിൽ, കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയിൽ മരിച്ചത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. അവസാനം നടന്ന ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയമാധവൻ എന്നിവരുടെ മരണങ്ങളിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here