‘മാനസികമായി ക്ഷീണിച്ചുവരുന്നു, സ്വത്തുക്കൾ കാര്യസ്ഥന്’; കരമന ദുരൂഹമരണത്തിൽ നിർണായകമായ വിൽപത്രം ട്വന്റിഫോറിന്

കരമനയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിർണായകമായ വിൽപത്രം ട്വന്റിഫോറിന്. മരിക്കുന്നതിന് മുൻപ് ജയമാധവൻ നായർ തയ്യാറാക്കിയതായി കരുതുന്ന വിൽപത്രമാണിത്. സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പേരിലേക്ക് വകമാറ്റിയതായാണ് വിൽപത്രത്തിൽ പറയുന്നത്. ഈ വിൽപത്രം സംബന്ധിച്ചാണ് ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചിരിക്കുന്നത്.

2016 ഫെബ്രുവരി 15 നാണ് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താൻ മാനസികമായി ക്ഷീണിച്ചു വരികയാണെന്നും സ്വത്തുക്കൾ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രൻ നായർക്കാണെന്നും ജയമാധവൻ നായർ വിൽപത്രത്തിൽ പറയുന്നു.  കുടുംബവീടായ ഉമാമന്ദിരം സ്ഥിതി ചെയ്യുന്ന 80 സെന്റ് സ്ഥലത്തിൽ 33.5 സെന്റും മണക്കാട് വില്ലേജിൽ 33 സെന്റ് സ്ഥലവും, ഇത് കൂടാതെ 36 സെന്റ് സ്ഥലവുമാണ് രവീന്ദ്രൻ നായർക്ക് എഴുതി നൽകിയിരിക്കുന്നത്. പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രൻ നായർക്ക് അനുമതി നൽകുന്നുണ്ട്. മരണശേഷം വിൽപത്രത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ അതും രവീന്ദ്രൻ നായർക്കാണെന്നും വിൽപത്രത്തിൽ പറയുന്നു. മരണാനന്തര ചെലവ് വഹിക്കണമെന്ന കാര്യവും ജയമാധവൻ വിൽപത്രത്തിൽ കൂട്ടിച്ചേർത്തിരുന്നു.

കാലശേഷം മാത്രം വിൽപത്രത്തിന് നിയമസാധുത എന്ന വ്യവസ്ഥയിലാണ് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ജയമാധവൻ നായർക്ക് വിൽപത്രം ഭേദഗതി ചെയ്യാമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top