ഐഎഫ്എഫ്‌കെയിൽ നിന്ന് ചോല പിൻവലിക്കുകയാണെന്ന് സനൽകുമാർ ശശിധരൻ

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്ന് ചോല പിൻവലിക്കുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സിനിമകൾ തെരഞ്ഞടുത്തതിൽ പക്ഷപാതമുണ്ടായിട്ടുണ്ടെന്നും ഇതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നതെന്നും സനൽ കുമാർ പറയുന്നു.
പക്ഷപാതം നിറഞ്ഞതും കാലഹരണപ്പെട്ടതുമായ രീതിയിൽ സിനിമകൾ തെരഞ്ഞെടുക്കുന്ന ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തമില്ലായ്മ ആയിരിക്കുമെന്ന് സനൽ കുമാർ പറയുന്നു. ചോല ഉടൻ തിയേറ്ററുകളിൽ എത്തിക്കുമെന്നും സനൽ പറയുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഉൾപ്പെടെ ലഭിച്ച ചോല വെനീസ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ജോജു ജോർജും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെവി മണികണ്ഠനൊപ്പം ചേർന്ന് സനൽ കുമാർ ശശിധരൻ തന്നെയാണ് ചോലയുടെ തിരക്കഥ ഒരുക്കിയത്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാജു മാത്യു, അരുണ മാത്യു എന്നിവരാണ് സഹ നിർമാതാക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here