വാളയാര്‍ പീഡനക്കേസ്: നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ സംസാരിക്കും, അവര്‍ ഞങ്ങളുടെയും സഹോദരിമാരാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സര്‍ക്കാര്‍ പുനരന്വേഷണത്തിനു ഉത്തരവിടണമെന്നാണ് ആവശ്യം. നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനിടെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ‘ജസ്റ്റീസ് ഫോര്‍ അവര്‍ സിസ്റ്റേഴ്‌സ്’ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. വാളയാറില്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് പതിമൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയില്‍പ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here