Advertisement

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലേർട്ട്

October 28, 2019
Google News 1 minute Read

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്ത് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ മേഖല രൂപംകൊണ്ടിട്ടുണ്ടെന്നും കന്യാകുമാരി മേഖലക്ക് മുകളിലായി ശക്തി പ്രാപിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ കടൽ വരും മണിക്കൂറുകളിൽ പ്രക്ഷുബ്ധമായേക്കും.

മത്സ്യത്തൊഴിലാളികൾ കേരള തീരത്തും, കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണെന്നും നിർദേശമുണ്ട്.

അടുത്ത 5 ദിവസത്തേക്ക് മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല പ്രവചനം

ഓറഞ്ച് അലേർട്ട്

2019 ഒക്ടോബർ 29, 30 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഞ്ഞ അലർട്ട്

ഒക്ടോബർ 28- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
29-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
30-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
31-കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകൾ

നദികളിലെ ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവരെ ഉടനടി മാറ്റി താമസിപ്പിക്കേണ്ടതുമാണ്.

അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തിൽ ഡാമുകളുടെ ഡൗൺ സ്ട്രീമിൽ താമസിക്കുന്നവർ പ്രത്യേകം കരുതൽ സ്വീകരിക്കേണ്ടതാണ്.

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണം.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.

കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here