മഹാരാഷ്ട്രയിൽ നിലപാട് കടുപ്പിച്ച് ബിജെപിയും ശിവസേനയും

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും പുതിയ നീക്കങ്ങൾ. പുതിയ സർക്കാരിന്റെ റിമോട്ട് കൺട്രോൾ തങ്ങളുടെ കൈയിലായിരിക്കുമെന്നാണ് ശിവസേനയുടെ നിലപാട്.
തങ്ങളുടെ ആവശ്യങ്ങൾക്ക് മുമ്പിൽ വഴങ്ങുകയാണ് നല്ലതെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിൽ മുന്നറിയിപ്പ് നല്‍കി. അടുത്ത് അഞ്ച് കൊല്ലം തങ്ങൾ തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തിൽ സമ്മർദം സൃഷ്ടിക്കാനായി രണ്ട് പാർട്ടികളും ഇന്ന് പ്രത്യേകം ഗവർണറെ കാണും.
ഗവർണർ ഭഗത് സിംഗ് കോഷിയാറിനെ കാണാൻ പോകുന്ന ബിജെപി സംഘത്തെ ദേവേന്ദ്ര ഫട്‌നാവിസും ശിവസേന സംഘത്തെ ദിവാകർ റാത്തോഡുമായിരിക്കും നയിക്കുക. അതേ സമയത്ത് തന്നെ വിമതരായി ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളെയും ചെറു പാർട്ടികളെയും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ച് കഴിഞ്ഞു. സ്വതന്ത്രരായ ഗീത ജയിനും ദേവേന്ദ്ര റാവത്തും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here