അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
കര്‍ണാടക സ്വദേശി ചന്ദ്രു, ചത്തീസ്ഗഡ് സ്വദേശി ദീപു എന്ന ദീപക് എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഇപ്പോഴും സ്ഥലത്ത് മാവോയിസ്റ്റുകള്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അഗളിയിലെ അമ്പന്നൂര്‍ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് ആറുമാസമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നും അത്തരത്തില്‍ തെരച്ചില്‍ നടത്തുന്നതിനായാണ് തണ്ടര്‍ബോള്‍ട്ട് അസിസ്റ്റന്റ് കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടത്. ഈ സമയത്താണ് തണ്ടര്‍ബോള്‍ട്ടിനു നേരെ മലമുകളില്‍ നിന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. ഇതോടെ തണ്ടര്‍ബോള്‍ട്ട് സംഘവും വെടിയുതിര്‍ത്തു. ഈ വെടിവയ്പ്പിലാണ് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് കര്‍ശന സുരക്ഷ ഒരുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതല്‍ സേനയെ പ്രദേശത്തേയ്ക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇപ്പോഴും വനത്തിനുള്ളില്‍ തന്നെയാണുള്ളത്. എട്ടുപേരുള്ള സംഘമായിരുന്നു വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here