ശബരിമല ദര്‍ശനം: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങി

ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴി യാത്രയ്ക്കുള്ള ബുക്കിംഗ് നവംബര്‍ എട്ടിന് ആരംഭിക്കും. ദേവസ്വം സേവനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ബുക്കിംഗാണ് ആരംഭിച്ചത്. തിരക്ക് ക്രമീകരിക്കാനും ദര്‍ശനം സുഗമമാക്കുന്നതിനുമായാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒരുക്കിയിരിക്കുന്നത്. ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലിലെത്തുന്ന തരത്തിലാണ് ക്രമീകരണം. സ്വാമി ക്യൂ ബുക്കിംഗ് വിഭാഗത്തില്‍ മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പരാഗത പാതയിലൂടെ തീര്‍ത്ഥാടനം ഒരുക്കിയിട്ടുണ്ട്.

എങ്ങനെ ബുക്ക് ചെയ്യാം..?

തീര്‍ത്ഥാടകരുടെ പേര്, വയസ്, ഫോട്ടോ, വിലാസം, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍നിന്നു ദര്‍ശന ദിവസവും സമയവും തെരഞ്ഞെടുക്കാം. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ കിട്ടും.

വെര്‍ച്വല്‍ ബുക്കിംഗിനു ശേഷം

ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കണം. ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പൊലീസിന്റെ
വെരിഫിക്കേഷന്‍ കൗണ്ടറില്‍ വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ കാണിച്ച് പ്രവേശന കാര്‍ഡ് കൈപ്പറ്റണം. ബുക്കിംഗിനുപയോഗിച്ച ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൗണ്ടറില്‍ കാണിക്കണം. വെര്‍ച്വല്‍ ക്യൂ പ്രവേശന കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.

കൂടുതല്‍ വിവരങ്ങള്‍ 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top