സൗദി സന്ദർശനം: പ്രധാനമന്ത്രി റിയാദിലെത്തി

സൗദി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദിലെത്തി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ നേതൃത്വത്തിൽ പ്രൗഢമായ സ്വീകരണമാണ് പ്രധാനമന്ത്രിക്കും ഉന്നതതല സംഘത്തിനും ലഭിച്ചത്.
ഇന്ന് നടക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻറ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും. ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ഇരു രാജ്യങ്ങളും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കരാറുൾപ്പടെ സുപ്രധാനമായ പത്തോളം കരാറുകളിൽ ഒപ്പുവെക്കും.
ഇന്ത്യൻ പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ഉൾപ്പെടെയുള്ളവർ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിൽ അംഗങ്ങൾ ആയിരിക്കും. പെട്രോ കെമിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കും. പ്രതിരോധ മേഖലയിലെ സഹകരണം വർധിപ്പിക്കുക, ഇന്ത്യക്കാരായ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയും രാഷ്ട്ര നേതാക്കൾ ചർച്ച ചെയ്യും. സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here