Advertisement

താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം: പി ജയരാജന് പങ്കെന്ന് പ്രതിപക്ഷം നിയമസഭയിൽ

October 29, 2019
1 minute Read

താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പി ജയരാജന് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷബഹളം കാരണം ഇന്നും നിയമസഭ സ്തംഭിച്ചു.

ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിന്റെ കൊലപാതകികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പ്രതികൾ സിപിഐഎം പ്രവർത്തകർ ആണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചില്ലെന്ന് പറഞ്ഞ മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ കേസിൽ പി ജയരാജന് പങ്കുണ്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.

ഒക്ടോബർ 11ന് ജയരാജൻ താനൂർ സന്ദർശിച്ച ശേഷമാണ് കൊലപാതകത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിയതെന്നും ജയരാജൻ മരണത്തിന്റെ ദൂതനായി മാറുകയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പി ജയരാജനെ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല.

സഹോദരനെ അക്രമിച്ചതിന്റെ പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ പ്രതികൾ അക്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമാധാന സംഭാഷണങ്ങൾക്ക് ശേഷവും അക്രമം നടക്കുന്നത് തടയാൻ രാഷ്ട്രീയ പാർട്ടികൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പള്ളികളിൽ അധികാരം പിടിക്കാനുള്ള ലീഗിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന് താനൂർ എംഎൽഎ വി അബ്ദുൽ റഹ്മാന്റെ പരാമർശം ഭരണ- പ്രതിപക്ഷതർക്കത്തിന് വഴിവെച്ചു.

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം മൂർച്ഛിച്ചതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top