ഇത് മാക്സ്‌വലിന്റെ ഹെലികോപ്ടർ ഷോട്ട്; വീഡിയോ കാണാം

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ പേരിലാണ് ഹെലികോപ്ടർ ഷോട്ട് അറിയപ്പെടുന്നത്. ധോണി അവതരിപ്പിച്ച ഷോട്ട് പിന്നീട് ഹർദ്ദിക് പാണ്ഡ്യ അടക്കം ചിലർ അനുകരിച്ചിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്‌വെൽ ഹെലികോപ്ടർ ഷോട്ട് പറത്തിയിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇതിൻ്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ടി-20യിലായിരുന്നു മാക്സ്‌വലിൻ്റെ ഹെലികോപ്ടർ ഷോട്ട്. മത്സരത്തിൽ ഓസ്ട്രേലിയയാണ് ആദ്യം ബാറ്റ് ചെയ്തത്. കാസുൻ രജിത എറിഞ്ഞ 18ആം ഓവറിലെ അഞ്ചാം പന്തിൽ ലഭിച്ച ഫുൾടോസ് അനായാസം സിക്സറിനു പറത്തിയ ഓസീസ് താരം അവസാന പന്തിൽ ലഭിച്ച യോർക്കറും ഹെലികോപ്ടർ ഷോട്ടിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു.

7 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 28 പന്തിൽ 62 റൺസാണ് മാക്സ്‌വൽ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ 134 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്കക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസേ എടുക്കാനായുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More