ബ്ലാസ്റ്റേഴ്സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു എന്ന വാർത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സർക്കാർ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നാണ് റിപ്പോർട്ട്. പ്രശ്നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതിൻ്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ബ്ലാസ്റ്റേഴ്സിന് കൊച്ചി വിടേണ്ടി വരില്ല. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാവും. എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിഷയം പഠിച്ച് വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മന്ത്രി ഇപി ജയരാജന് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. പ്രശ്നപരിഹാര സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ജിസിഡിഎ, കോർപറേഷൻ, കെഎഫ്എ എന്നിവരുമായി ബന്ധപ്പെട്ടു കഴിഞ്ഞെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നേരത്തെ, മന്ത്രി ഇപി ജയരാജനും ബ്ലാസ്റ്റേഴ്സിനു പിന്തുണ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നേരത്തെ, അമിതമായ വിനോദ നികുതിയും കനത്ത സംഭാവനയും കോംപ്ലിമെൻ്ററി പാസുകൾ കൂടുതൽ ചോദിച്ചതുമാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാർത്തകളുടെ ആധാരമായി വന്നിരുന്നത്. ഇന്ത്യയിൽ മറ്റൊരു സ്റ്റേഡിയങ്ങളിലൊന്നും ഇല്ലാത്ത നികുതിയാണ് കൊച്ചി സ്റ്റേഡിയം വാങ്ങുന്നതെന്നും അത് താങ്ങാൻ കഴിയാത്തതാണെന്നുമാണ് വിഷയത്തിൽ ക്ലബിൻ്റെ പ്രതികരണം. താൻ സംഭാവന ചോദിച്ചത് സിഎസ്ആർ ഫണ്ടിലേക്കാണെന്നാണ് മേയർ സൗമിനി ജയൻ പറയുന്നു. അർബുദ-വൃക്ക രോഗികളെ സഹായിക്കാനുള്ള ഫണ്ടിൽ പണമടയ്ക്കാനാണ് പണം ചോദിച്ചത്. എന്നാൽ പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ വിനോദ നികുതി ഏർപ്പെടുത്തുമെന്ന് മേയർ പറഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരോപിക്കുന്നു.

ഇതോടൊപ്പം കോംപ്ലിമെൻ്ററി പാസുകളുടെ എണ്ണക്കൂടുതലും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു. അമ്പതിനായിരം സീറ്റിലെ നാലിലൊന്നും കോംപ്ലിമെൻ്ററി പാസുകളായി നൽകേണ്ടി വരുന്നു. ജി.സി.ഡി.എ., കോർപറേഷൻ, പോലീസ്, സ്പോർട്‌സ് കൗൺസിൽ, കേരള ഫുട്‌ബോൾ അസോസിയേഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർക്കെല്ലാം ടിക്കറ്റുകൾ സൗജന്യമായി നൽകേണ്ടി വരുന്നു എന്നാണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top