മാവോയിസ്റ്റുകളുടെ കൊലപാതകം; രണ്ട് പേരുടെ കാര്യത്തിൽ അവ്യക്തത

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ അവ്യക്തത. കൊല്ലപ്പെട്ട രണ്ട് പേരുകളിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഈ രണ്ട് പേരിൽ കേരള പൊലീസിൻ്റെ നിഗമനം തെറ്റിയെന്നാണ് പുതിയ വിവരം.
കൊല്ലപ്പെട്ടവർ തമിഴ്നാട് സ്വദേശികളായ രമയും, അരവിന്ദുമെന്ന കേരള പോലീസിന്റെ നിഗമനമാണ് തെറ്റിയത്. സംഭവസ്ഥലത്തെത്തിയ തമിഴ്നാട് ക്യൂ ബ്രാഞ്ചിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. രമയും അരവിന്ദുമാണ് കൊല്ലപ്പെട്ടവരെന്ന കേരള പൊലീസിൻ്റെ നിഗമനം തമിഴ്നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്നതോടെ വിഷയത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്.
നേരത്തെ കർണാടക സ്വദേശികളായ ശ്രീമതിയും സുരേഷുമാണ് കൊല്ലപ്പെതെന്നായിരുന്നു കേരള പൊലീസിൻ്റെ നിഗമനം. കർണാടക ചിക്കമഗളൂരിലെ ഇവരുടെ വീട്ടിൽ പോലീസെത്തി വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കർണ്ണാടക ആന്റി നക്സൽ സ്ക്വാഡ് ഈ നിഗമനം തള്ളിയിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശികളാണെന്ന് കേരള പൊലീസ് കണ്ടത്തിയത്.
അതേ സമയം, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നടക്കുക. സുരേഷ്, ശ്രീമതി എന്നിവരെക്കൂടാതെ കാർത്തിക്, മണിവാസകം എന്നിവരാണ് മരിച്ചവർ. ചിതറിയോടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.
അതേ സമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്നും നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നുമുള്ള ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകൻ്റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക് വഴി തെളിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here